NEWS

‘സുരക്ഷാ ഭീഷണിക്ക് തെളിവുകളൊന്നുമില്ല’: വിയ്യൂരിലേക്കില്ല, സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തുടരും


കൊച്ചി∙ നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈൽ സജീവിനെ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ അധികൃതരുടെ അപേക്ഷ തള്ളി. നിലവിൽ സുഹൈലിനെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് കാട്ടി ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ പ്രതികൾക്ക് സുരക്ഷാ ഭീഷണിയുണ്ട് എന്നു പറയുന്നതല്ലാതെ അതു തെളിയിക്കാനുള്ള രേഖകളോ മറ്റു കാര്യങ്ങളോ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നും സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ തന്നെ പാർപ്പിക്കാനും കോടതി നിർദേശിച്ചു. കേസിന്റെ വൈകാരികവും ശ്രദ്ധേയവുമായ സ്വഭാവം കണക്കിലെടുത്തും ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാരിൽനിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സൂപ്രണ്ട് കോടതിയെ സമീപിച്ചത്.സുഹൈൽ, കൂട്ടത്തിൽ അറസ്റ്റിലായ നിനവ്, ജോയൽ, അമീർ എന്നിവരെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പ്രകാരമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 18നും 21നും ഇടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത്. റിമാൻഡ് കാലയളവിൽ പ്രതികള്‍ തലമുടി വെട്ടി രൂപമാറ്റം വരുത്തിയ സംഭവവും വിവാദമായിരുന്നു. എന്നാൽ വ്യക്തിശുചിത്വത്തിന്റെ ഭാഗമായി അവിടെ പാർപ്പിച്ചിരിക്കുന്ന എല്ലാവർക്കും മുടി വെട്ടാന്‍ കഴിയുമെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതർ വ്യക്തമാക്കിയത്. ഇതിനിടെ, പ്രതികൾ ജാമ്യം തേടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. പ്രതികൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കാനിരിക്കെയാണ് ബോസ്റ്റൽ സ്കൂളിൽ നിന്ന് വിയ്യൂരിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ട് കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം മജിസ്ട്രേറ്റ് കോടതി നിരസിച്ചു.നിലവിലുള്ള ജയിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ ബാധ്യസ്ഥരാണ്. ഇത്തരം നടപടികൾ ജയിൽ ഭരണവിഭാഗത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇതിനായി പ്രത്യേക കോടതി ഉത്തരവുകളുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി നൽകിയിട്ടുള്ള അധികാരപരിധിക്ക് അപ്പുറത്തേക്ക് ജയിലുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കോടതി ഇടപെടാറില്ല. അതിനാൽ, ആവശ്യമെന്ന് കണ്ടാൽ തടവുകാരനെ മാറ്റുന്നതിനായി പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് ഡയറക്ടർ ജനറലിൽ നിന്ന് ആവശ്യമായ ഭരണാനുമതി തേടാൻ അധികൃതർക്ക് നടപടി സ്വീകരിക്കാവുന്നതാണ്.


Fashion ⏭️

Back to top button