NEWS

മന്ത്രി ഹർദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും ഒരു മുറിയിൽ; കേന്ദ്ര സർക്കാരിന് തലവേദനയായി ചിത്രം


ന്യൂഡൽഹി ∙ യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും മാത്രം ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ മന്ത്രി കള്ളംപറഞ്ഞെന്ന വാദവുമായി കോൺഗ്രസ് രംഗത്തെത്തി.‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേയുണ്ട്. എന്നാൽ ഇക്കാലമത്രയും പുരിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ബിജെപി ദേശീയ ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചുചേർത്ത് തന്റെ ഭാഗം വിശദീകരിക്കാൻ പുരിക്ക് അവസരമൊരുക്കുകയും ചെയ്തു. ഇന്റർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിനിധി സംഘത്തിനൊപ്പം മൂന്നോ നാലോ തവണയാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നായിരുന്നു അന്നു മന്ത്രി വിശദീകരിച്ചത്. ഒരേ ഒരു ഇ–മെയിലിൽ മാത്രമാണ് തന്റെ പേര് ഉൾപ്പെട്ടിട്ടുള്ളതെന്നും അത് ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇന്റർനെറ്റ് ബിസിനസ് സാധ്യതകൾ സംബന്ധിച്ചുള്ളതാണെന്നും പുരി വിശദീകരിച്ചു.എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു വ്യക്തമായിട്ടും ഇതുവരെ പുരിയെ സംരക്ഷിക്കുന്ന നിലപാടാണു പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. അതേസമയം, ഇത്രയും നാൾ സംരക്ഷിച്ചെങ്കിലും പുരി അധികനാൾ കേന്ദ്രമന്ത്രിസ്ഥാനത്തുണ്ടാവില്ല. യുപിയിൽനിന്നുള്ള രാജ്യസഭാംഗമായ പുരിക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്നു തീരുമാനിച്ചതിലൂടെ ബിജെപി അദ്ദേഹത്തിനു മന്ത്രിസഭയിൽനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിക്കഴിഞ്ഞു.


Fashion ⏭️

Back to top button