NEWS
‘10 വർഷം കൊണ്ട് ഉണ്ടാക്കിയതെല്ലാം നശിപ്പിച്ചു; ഉറങ്ങാൻ പോലും കഴിയുന്നില്ല’: കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹസൻ

‘‘പത്തു വർഷം കഷ്ടപ്പെട്ടാണ് ഞാൻ ഇതൊക്കെ ഉണ്ടാക്കിയത്. എന്നാൽ ഇന്ന് ഇവിടെ ഒന്നും തന്നെ ബാക്കിയില്ല. അവരെന്നെ ശാരീരികമായി ആക്രമിച്ചു, എന്റെ തല വൈൻ കുപ്പി വച്ച് അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ കട വിട്ട് ഓടിപ്പോകാൻ ഞാൻ നിർബന്ധിതനായി. കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല’’. പാരിസിൽ സ്വന്തമായി ഒരു കട നടത്തി വരികയായിരുന്നു ബംഗ്ലദേശ് സ്വദേശിയായ ഹസൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാരിസിന്റെ തെരുവുകളിൽ അലയടിച്ച കലാപ കൊടുങ്കാറ്റിൽ ഹസന്റെ കട പൂർണമായും അക്രമികൾ തകർത്തു. ആ വേദന മാധ്യമങ്ങളോട് പങ്കുവയ്ക്കുകയാണ് ഹസൻ. 2010ലാണ് ഹസൻ ഫ്രാൻസിൽ എത്തുന്നത്. വർഷങ്ങളായി ഹോസ്പിറ്റാലിറ്റി സർവീസിൽ ജോലി ചെയ്തിരുന്ന ഇയാൾ ആ പണമെല്ലാം സ്വരുക്കൂട്ടി വച്ചാണ് 2016ൽ സ്വന്തമായി ഒരു ടെക്, കുറിയർ ഷോപ്പ് ആരംഭിക്കുന്നത്. എന്നാൽ അതെല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായ കഥ പറയുമ്പോൾ ഹസന് കരച്ചിൽ അടക്കാനാകുന്നില്ല. മൂന്നു മക്കളുടെ പിതാവാണ് ഹസൻ. കടയിലെ ഫോണുകളും പാഴ്സലുകൾ ഉൾപ്പെടെയുള്ളവയെല്ലാം അക്രമികൾ തകർത്തു. ഇനി കട വാടകയും ജോലിക്കാരുടെ ശമ്പളവും എങ്ങനെ നൽകുമെന്നത് ഹസന്റെ മുന്നിൽ ചോദ്യചിഹ്നമാണ്.
Fashion ⏭️




