SPORTS
സഞ്ജുവിന്റെയും ശ്രേയസ്സിന്റെയും ‘ക്യാപ്റ്റൻ’, യുവിയുടെ റെക്കോർഡ് തകർത്ത 451*; പക്ഷേ ഒടുവിൽ കേസിൽ കുടുങ്ങി ബിസിസിഐയുടെ ആ മികച്ച താരം

സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, ദീപക് ഹൂഡ, കുൽദീപ് യാദവ്, ആവേശ് ഖാൻ എന്നിവരെയൊക്കെ നയിച്ച ആ ഇന്ത്യ അണ്ടർ-19 ക്യാപ്റ്റന്റെ പേര് പറയാമോ? ഈ പറഞ്ഞവരെല്ലാം പിന്നീട് ഇന്ത്യയുടെ സീനിയർ ടീമിൽ കളിച്ചവരാണ്. എന്നാൽ ആ ക്യാപ്റ്റനു മാത്രം അതിനു കഴിഞ്ഞില്ല. ജൂനിയർ ടീമിനു വേണ്ടി ഒരിക്കൽ പുറത്താകാതെ 451 റൺസ് നേടിയിട്ടുള്ള ഈ താരം, തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ചറി നേടി. തൊട്ടുപിന്നാലെ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ ഒരു ഇരട്ടസെഞ്ചറിയും അടിച്ചുകൂട്ടി. മാത്രമല്ല, ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ വിരാട് കോലി, എ.ബി.ഡിവില്ലിയേഴ്സ് തുടങ്ങിയവർക്കൊപ്പം കളിക്കുകയും ചെയ്തു. വിജയ് സോൾ എന്നാൽ ആ ക്രിക്കറ്റ് താരത്തിന്റെ പേര്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത തരംഗമായും രാജ്യത്തെ ഏറ്റവും വലിയ ബാറ്റിങ് പ്രതീക്ഷകളിലൊന്നായും കണക്കാക്കപ്പെട്ടിരുന്ന പ്രതിഭ. 2011 ഡിസംബറിൽ, കൂച്ച് ബിഹാർ ട്രോഫിയിൽ അസമിനെതിരെ മഹാരാഷ്ട്ര അണ്ടർ-19 ടീമിനായി പുറത്താകാതെ 451 റൺസ് നേടിയാണ് വിജയ് സോൾ ശ്രദ്ധ നേടിയത്. 466 പന്തുകളിൽ നിന്നായിരുന്നു സോളിന്റെ ഈ ഇതിഹാസ ഇന്നിങ്സ്. മത്സരത്തിൽ ഏതാണ്ട് 10 മണിക്കൂറോളമാണ് സോൾ ക്രീസിൽ ബാറ്റ് ചെയ്തത്. ഈ പ്രകടനത്തിലൂടെ യുവരാജ് സിങ്ങിന്റെ 358 റൺസ് എന്ന ടൂർണമെന്റ് റെക്കോർഡും സോൾ തകർത്തു.∙ ക്യാപ്റ്റൻ വിജയ്! 2012ൽ അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ സോൾ ഉണ്ടായിരുന്നു. പിന്നീട് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. വിജയ് സോൾ ഇന്ത്യ അണ്ടർ–19 ക്യാപ്റ്റനായപ്പോൾ സഞ്ജു സാംസണായിരുന്നു വൈസ് ക്യാപ്റ്റൻ. 2013ൽ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ 73.25 ശരാശരിയിൽ സോൾ 293 റൺസ് നേടി. ടൂർണമെന്റിൽ ഇന്ത്യയെ തോൽവി അറിയാതെ മുന്നിൽനിന്നു നയിച്ചു. പിന്നീട് ശ്രീലങ്കൻ പര്യടനത്തിൽ ആദ്യ യൂത്ത് ടെസ്റ്റിൽ 173 റൺസും, തൊട്ടടുത്ത മത്സരത്തിൽ 128 റൺസും നേടി. രാജ്യാന്തര ബോളിങ് നിരകൾക്കെതിരെയും സോൾ കരുത്ത് കാട്ടി. ഇന്ത്യൻ ബാറ്റിങ്ങിന്റെ ഭാവി വാഗ്ദാനം താനാണെന്ന സൂചനകൾ വിജയ് സോൾ നൽകിക്കൊണ്ടേയിരുന്നു.
Auto ⏭️




