NEWS
കൊച്ചി വാട്ടർ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമോ? വരുമാനം കൂട്ടാൻ സ്വന്തം വഴി നോക്കണമെന്ന് സർക്കാർ

കൊച്ചി ∙ വാട്ടർ മെട്രോ സ്വന്തം കാലിൽ നിൽക്കണമെന്നു സർക്കാർ. ചെലവു കുറച്ചു വരുമാനം കൂട്ടാനാണു നിർദേശം. വാട്ടർ മെട്രോ ടിക്കറ്റ് നിരക്ക് പുനപരിശോധിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സഹായത്തിലാണു വാട്ടർ മെട്രോ മുന്നോട്ടുപോകുന്നത്. 2026–27 സാമ്പത്തിക വർഷത്തേക്കു വാട്ടർ മെട്രോ നടത്തിപ്പിനു സർക്കാർ 8.88 കോടി രൂപ അനുവദിച്ചുള്ള ഉത്തരവിലാണു സ്വന്തം വഴി നോക്കാൻ ഓർമിപ്പിച്ചത്. ടിക്കറ്റ് വരുമാനം മാത്രമാണു വാട്ടർ മെട്രോയ്ക്ക് ഇപ്പോഴുള്ള വരുമാന മാർഗം. ഇതു പോരാ, വരുമാനത്തിനു മറ്റെന്തെങ്കിലും വഴി നോക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു. നടത്തിപ്പു ചെലവിനു കഴിഞ്ഞ വർഷം 10.88 കോടി രൂപ സർക്കാരിനോടു ചോദിച്ചിരുന്നെങ്കിലും കിട്ടിയത് 2 കോടി രൂപ മാത്രമായിരുന്നു. ഇതിന്റെ ബാക്കിയാണ് ഇപ്പോൾ നൽകിയത്. മെട്രോ ട്രെയിനിലേതു പോലെ കൂടുതൽ യാത്രക്കാരെ കയറ്റി വരുമാനമുണ്ടാക്കാൻ വാട്ടർ മെട്രോയ്ക്കു കഴിയില്ല. 100 പേരുടെ ബോട്ടിൽ അതിൽ കൂടുതൽ യാത്രക്കാർ അനുവദനീയമല്ല. ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനെക്കുറിച്ച് മൂന്നാമതൊരു കക്ഷിയുടെ റിപ്പോർട്ട് തേടാനാണു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ചാർജ് വർധന ഉൾപ്പെടെ സർക്കാർ പരിഗണിക്കും.
Fashion ⏭️




