NEWS
ടൈഗർ ഷ്റോഫിനെയല്ല, സംഘം ലക്ഷ്യമിട്ടത് മറ്റൊരു ‘വിഐപിയെ’?; അക്രമി സംഘത്തെ നിയന്ത്രിച്ചത് യുഎസിൽനിന്ന്

മുംബൈ∙ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനു നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടിരുന്നത് മറ്റൊരു പ്രമുഖ വ്യക്തിയെ എന്ന് റിപ്പോർട്ട്. എന്നാൽ നഗരത്തിലെത്തിയശേഷം ഇവർ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കൊലപ്പെടുത്താൻ തീരുമാനിച്ച വ്യക്തി പതിവായി പോകാറുള്ള സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെങ്കിലും ഇയാളിലേക്ക് എത്തുക എളുപ്പമല്ലെന്ന് ഷൂട്ടർമാർക്ക് ബോധ്യപ്പെട്ടു. പിന്നാലെയാണ് ആ പദ്ധതി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇതിനിടയിലാണ് ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ആരാധകരുടെ പോസ്റ്റുകളിലൂടെയും ടൈഗർ ഷ്റോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നു പ്രതികൾ മനസ്സിലാക്കിയത്. അദ്ദേഹത്തിനു വലിയ സുരക്ഷാ സന്നാഹങ്ങളില്ലെന്നു വ്യക്തമായതതിനു പിന്നാലെയാണ് ഷ്റോഫിനുനേരെ വെടിയുതിർക്കാമെന്നു പ്രതികൾ തീരുമാനിച്ചത്.അതേസമയം, അനിൽ പണ്ഡിറ്റിന്റേതാണെന്നു കരുതപ്പെടുന്ന ഒരു ശബ്ദരേഖ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനൊപ്പം പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പു അവഗണിച്ചതിനാലാണ് ഷ്റോഫിനെ ലക്ഷ്യമിട്ടതെന്ന് ഈ ശബ്ദസന്ദേശത്തിൽ പറയുന്നു. കൂടാതെ, കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാൻ ഖാൻ ലോറൻസ് ബിഷ്ണോയ് സംഘത്തോടും ബിഷ്ണോയ് സമുദായത്തോടും പരസ്യമായി മാപ്പുപറയണമെന്നും ഓഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. സൽമാൻ ഖാൻ മാപ്പു പറഞ്ഞില്ലെങ്കിൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റ് സിനിമാ പ്രവർത്തകരെയും ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഓഡിയോയിലുണ്ട്.
Fashion ⏭️




