NEWS

ധൻബാദ്–ആലപ്പുഴ എക്സ്‌പ്രസ് ഇനി തിരുവനന്തപുരം സെൻട്രൽ വരെ; ശബരിമല തീർഥാടനത്തിന് ഉത്തരേന്ത്യയിൽ നിന്നടക്കം ട്രെയിനുകൾ


തിരുവനന്തപുരം ∙ ധൻബാദ്–ആലപ്പുഴ എക്സ്‌പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ നീട്ടുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംപിയും ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്ന് ബിജെപി അറിയിച്ചു.ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് മണിക്കൂറുകളോളം ട്രെയിനില്ലെന്ന പ്രശ്നത്തിന് തീരുമാനം പരിഹാരമാകും. 15 വർഷമായുള്ള ആവശ്യത്തിനാണ് പരിഹാരമായതെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓൺ വീൽസ് ചൂണ്ടിക്കാട്ടി. ആലപ്പുഴ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം ഭാഗത്തുള്ളവരാണ് തിരുവനന്തപുരത്തേക്കും തിരിച്ചും ആവശ്യത്തിന് ട്രെയിനില്ലാതെ ബുദ്ധിമുട്ടുന്നത്.∙ ശബരിമല തീർഥാടനത്തിന് കൂടുതൽ ട്രെയിനുകൾ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ഉത്തരേന്ത്യയിൽനിന്നടക്കം കൂടുതൽ സംസ്ഥാനങ്ങളിൽനിന്നും സ്‌പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷണവ് ഉറപ്പ് നൽകിയതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ദക്ഷിണേന്ത്യൻ നഗരങ്ങൾക്ക് പുറമേ ഡൽഹി, മുംബൈ, ഗോവ, ഇൻഡോർ, ജയ്പുർ, വിശാഖപട്ടണം, ഹുബ്ലി തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നും പ്രധാന സംസ്ഥാന തലസ്ഥാനങ്ങളിൽനിന്നും കൂടുതൽ സ്‌പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകി.


Fashion ⏭️

Back to top button