NEWS

കൊല്ലത്ത് ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ


കൊല്ലം∙ ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്ത് പിടിയിലായി. നിസാറിനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.കഴിഞ്ഞ മാസം 30 ന് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാൻ സ്ലാബ് തുറന്നപ്പോൾ തൊഴിലാളികളാണു മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ഉടൻ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൂർണമായും ജീർണിച്ച മൃതദേഹം മൃഗത്തിന്റേതാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധിച്ചപ്പോൾ മൃഗത്തിന്റേതല്ലെന്നു തെളിഞ്ഞു. വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ തലയോട്ടി കണ്ടെത്തി. ഹാർബറിലെ ശുചിമുറികൾ വാടകയ്ക്കു നൽകുന്നയാളാണ് കൊല്ലപ്പെട്ട നിസാർ. ഇയാൾ അവിടെത്തന്നെയായിരുന്നു താമസം. ഹാർബറിലെ ശുചിമുറിയുടെ കരാർ എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്.


Fashion ⏭️

Back to top button