‘നീ എന്നോട് നൂറു തവണയെങ്കിലും ഈ കാര്യം ചോദിച്ചു’, ആദ്യം പ്രപ്പോസ് ചെയ്തത് രശ്മികയെന്ന് വെളിപ്പെടുത്തി വിജയ്

കരൺ ജോഹർ, രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട
തങ്ങളുടെ പ്രണയം പരസ്യപ്പെടുത്താതെ ഏറെ നാൾ സ്വകാര്യമായി കൊണ്ടുനടന്ന താരദമ്പതികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ തങ്ങളുടെ പ്രണയകഥയിലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ 9ന്റെ പുതിയ എപ്പിസോഡിലാണ് വിവാഹക്കാര്യം ആദ്യം മുന്നോട്ടുവച്ചത് രശ്മികയാണെന്ന് വിജയ് വെളിപ്പെടുത്തിയത്.
ഷോയുടെ ട്രെയിലറിൽ താരദമ്പതികളെ ‘ബ്ലോക്ക്ബസ്റ്റർ കപ്പിൾ’ എന്നാണ് കരൺ ജോഹർ വിശേഷിപ്പിച്ചത്. വിവാഹാഭ്യർത്ഥനയെക്കുറിച്ചുള്ള ചോദ്യത്തിന് രശ്മിക ആദ്യം നിഷേധാർഥത്തിൽ തലയാട്ടിയിരുന്നു. പിന്നാലെയാണ് കല്യാണ കാര്യം ആദ്യമായി സംസാരിച്ചുതുടങ്ങിയത് രശ്മികയാണെന്ന് വിജയ്യുടെ വെളിപ്പെടുത്തൽ. ‘നീ എന്നോട് നൂറു തവണയെങ്കിലും ഈ കാര്യം ചോദിച്ചിട്ടുണ്ടെന്ന് ഞാൻ അവളോട് പറഞ്ഞു,’ എന്നായിരുന്നു വിജയ്യുടെ രസകരമായ പ്രതികരണം. ഇതിന് പിന്നാലെ കരൺ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചപ്പോൾ, ഒരു വർഷം മുഴുവൻ വിജയ്നോട് വിവാഹക്കാര്യം ചോദിച്ചുകൊണ്ടേയിരുന്നുവെന്ന് രശ്മികയും വെളിപ്പെടുത്തി.
ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടും രസകരമായ നിമിഷങ്ങൾക്ക് വേദിയായി. അല്ലു അർജുനും രൺബീർ കപൂറും തമ്മിൽ പ്രിയപ്പെട്ട സഹതാരത്തെ തിരഞ്ഞെടുക്കാൻ കരൺ ആവശ്യപ്പെട്ടപ്പോൾ രശ്മിക തിരഞ്ഞെടുത്തത് അല്ലു അർജുനെയായിരുന്നു. വിജയ് ദേവരകൊണ്ടയോട് ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയ സഹതാരം ആരാണെന്നായിരുന്നു അടുത്ത ചോദ്യം. മറുപടി പറയുന്നതിന് മുമ്പുതന്നെ രശ്മിക ഇടപെട്ടു: ‘ആരുമില്ല’! ഇതിന് വിജയ് നൽകിയ മറുപടിയും ശ്രദ്ധേയമായി. ‘വിവാഹത്തിലെ 101-ാം നിയമം: ഭാര്യ പറയുന്നതിനോട് യോജിക്കുക,’ എന്നായിരുന്നു താരത്തിന്റെ തമാശരൂപേണയുള്ള പ്രതികരണം.
വിജയ്യുമായുള്ള ബന്ധം പൊതുചർച്ചകളിൽനിന്ന് അകറ്റിനിർത്തുന്നതിനെക്കുറിച്ച് രശ്മിക നേരത്തെയും സംസാരിച്ചിട്ടുണ്ട്. ശുഭാങ്കർ മിശ്രയുമായുള്ള പോഡ്കാസ്റ്റിൽ, വ്യക്തിജീവിതത്തിലെ ചില കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും താരം വ്യക്തമാക്കിയിരുന്നു. ‘ഞങ്ങളുടെ ബന്ധം മറ്റുള്ളവരുടെ വിനോദത്തിനുള്ളതല്ല. അത് ഞങ്ങൾക്കുവേണ്ടിയുള്ളതാണ്. സംരക്ഷിക്കേണ്ട കാര്യങ്ങൾ പുറത്തുവന്ന് ചർച്ച ചെയ്യേണ്ടതില്ല,’ എന്നായിരുന്നു രശ്മികയുടെ വാക്കുകൾ.
2026 ഫെബ്രുവരി 26ന് രാജസ്ഥാനിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. വിവാഹാഘോഷങ്ങൾക്ക് പിന്നാലെ മാർച്ചിൽ ഇരുവരും ‘രണബാലി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലേക്കും മടങ്ങിയെത്തിയിരുന്നു.
English Summary
Actors Rashmika Mandanna and Vijay Deverakonda, who secretly married on February 26, 2026, in Rajasthan, have revealed details of their relationship on Koffee with Karan 9. Vijay disclosed that Rashmika repeatedly proposed marriage for a year, a fact she later confirmed. Karan Johar dubbed the pair a “blockbuster couple” during their appearance.
RELATED TOPICS: REVEAL PROPOSAL DETAILS, RESHMIKA, VIJAYADEVARAKONDA, KARAN JOHAR
Business ⏭️




