HEALTH

ആർത്തവ ശുചിത്വം മൗലികാവകാശത്തിന്റെ ഭാഗം ; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതിക്ക് അതൃപ്തി | SC Questions States on Menstrual Hygiene


ന്യൂഡൽഹി : ആർത്തവ ശുചിത്വം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രത്തിന് മറുപടി നൽകാത്ത സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അതൃപ്തി പ്രകടിപ്പിച്ച് കോടതി. വിധി കടലാസിൽ മാത്രം ഒതുങ്ങാനാണെങ്കിൽ ഈ മൗലികാവകാശം എങ്ങനെ നടപ്പാക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ആവശ്യമായ വിവരങ്ങൾ രേഖാമൂലം ശേഖരിച്ച് ഓരോ സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശത്തോടും മറുപടി തേടാൻ കേന്ദ്ര സർക്കാറിന് കോടതി നിർദേശം നൽകി. ജനുവരി 30ന് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ ഭരണഘടനയുടെ 21ാം ആർട്ടിക്കിൾ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആർത്തവാരോഗ്യവും ശുചിത്വവുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രവർത്തനക്ഷമമായ ശൗചാലയങ്ങളും ഉപയോഗയോഗ്യമായ ജലസൗകര്യവും ഉറപ്പാക്കണമെന്നും വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. വിധി നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബർ ഒന്നിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സ്കൂളുകളിൽ ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ച ശൗചാലയങ്ങളുടെ ലഭ്യത, വെള്ളവും കൈകഴുകാനുള്ള സൗകര്യങ്ങളും, സാനിറ്ററി നാപ്കിനുകളുടെ വിതരണം തുടങ്ങിയ വിഷയങ്ങളിലെ പോരായ്മകൾ വ്യക്തമാക്കാനായിരുന്നു നിർദേശം. ഒക്ടോബർ 13ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, വിഷയത്തിൽ കേന്ദ്രം ഗൗരവമായ ഇടപെടൽ നടത്തിയിട്ടും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഇതോടെയാണ് മറുപടി നൽകാത്തതിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ആവശ്യമായ വിവരങ്ങൾ നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കെതിരെ അടുത്ത വാദത്തിനിടെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കേണ്ടിവരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. കേസ് നിലവിൽ ഡിസംബർ 14 ലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂളുകളിൽ ശൗചാലയങ്ങൾ, ശുചിത്വ സൗകര്യങ്ങൾ, സൗജന്യ സാനിറ്ററി ഉൽപന്നങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ ആർത്തവാരോഗ്യവുമായി ബന്ധപ്പെട്ട മൗലികാവകാശം പ്രായോഗികമായി നടപ്പാക്കാനാകൂവെന്നാണ് കോടതിയുടെ നിലപാട്.


Life Style ⏭️

Back to top button