NEWS

യുക്രെയ്നിനെ സഹായിക്കുന്നു; അമേരിക്കൻ വാണിജ്യ ഉപഗ്രഹത്തെ ബഹിരാകാശത്ത് ‘വിരട്ടി’ റഷ്യ


വാഷിങ്ടൻ ∙ വർഷങ്ങളായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം ബഹിരാകാശത്തേക്കും നീളുന്നതായി സൂചന. യുക്രെയ്ൻ സൈന്യം വിവരങ്ങൾക്ക് ആശ്രയിക്കുന്ന വാണിജ്യ ഉപഗ്രഹത്തെ റഷ്യ സ്ഥിരമായി ട്രാക്ക് ചെയ്യുകയും അപകടകരമായ രീതിയിൽ അകലം കുറച്ച് അടുത്തേക്ക് വരാൻ ശ്രമിക്കുന്നതായും ബഹിരാകാശ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. റഷ്യൻ ഉപഗ്രഹമായ കോസ്‌മോസ് 2612 എന്ന ഉപഗ്രഹം ഐസിഇവൈഇ–എക്സ്36 എന്ന വാണിജ്യ ഉപഗ്രഹത്തിനെ മൂന്ന് മൈൽ അകലത്തായി നിരീക്ഷണം നടത്തുന്നു എന്നാണ് മുന്നറിയിപ്പിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ ഉപഗ്രഹം വാണിജ്യ ഉപഗ്രഹത്തിനു തൊട്ടടുത്തേക്ക് എത്തിയത്. ഇതിനു ഒരു ദിവസം മുൻപ് രണ്ട് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 200 മൈലിലധികം ഉണ്ടായിരുന്നെന്ന് ബഹിരാകാശ നിരീക്ഷണം നടത്തുന്ന ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മൈക്രോസാറ്റലൈറ്റ് നിർമാതാവും ഭൗമ നിരീക്ഷണ സേവനം നൽകുന്ന കമ്പനിയുമാണ് ഐസിഇവൈഇ. ഏതുകാലാവസ്ഥയിലും ഭൂമിയുടെ ഉപരിതല ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന സാറ്റലൈറ്റ് ശൃംഖല കമ്പനിക്കുണ്ട്. കലിഫോർണിയ ആസ്ഥാനമാക്കിയുള്ള കമ്പനിയുടെ യുഎസ് വിഭാഗത്തിന്റെ സേവനം യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ കമ്പനിയുടെ സഹായം തേടുന്നുണ്ടെന്ന് ഒരു യുക്രെയ്ൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button