NEWS
‘അടിച്ചോടിച്ച’ വീട്ടിൽ തിരിച്ചെത്തി ഇ.ഡി; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി സിപിഎം,‘മെയിലിന് പിണറായി മറുപടി നൽകിയില്ല’

തിരുവനന്തപുരം ∙ സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും മാസങ്ങൾക്ക് മുൻപ് സിപിഎം പ്രവർത്തകർ ആക്രമിച്ച തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടുമെത്തി. വീട്ടിൽ ആരും ഇല്ലാതിരുന്നതിനെ തുടർന്ന് ഇ.ഡി സംഘം ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള രണ്ട് പേജുള്ള സമൻസ് വീടിനു മുന്നിലെ തൂണിൽ പതിപ്പിച്ച ശേഷമാണ് മടങ്ങിയത്. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. മേയ് 27ന് ഇതേ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും ഉദ്യോഗസ്ഥരുടെ കാറുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു. 300 ഓളം പേർക്കെതിരെ കേസെടുക്കുകയും നിരവധി സിപിഎം പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തു. അന്ന് പ്രവർത്തകർ അടിച്ചോടിക്കാൻ ശ്രമിച്ച അതേ വീട്ടിലേക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ വീണ്ടുമെത്തി നടപടികൾ പൂർത്തിയാക്കിയത്.ഇന്നലെ മെയിലിൽ നോട്ടിസ് അയച്ചെന്നും കിട്ടിയെന്ന മറുപടി പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. മെയിലിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നാണ് വിശദീകരണം. പിഎംഎൽഎ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്) നിയമ പ്രകാരം നോട്ടിസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. ചുമരിൽ നോട്ടിസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാലാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ.ഡി വിശദീകരിക്കുന്നു.
Fashion ⏭️




