SPORTS
വിക്കറ്റിനു മുന്നിലെത്തിയാൽ തുടർച്ചയായി വലിയ സ്കോറുകൾ, എന്നിട്ടും ഇടമില്ല: യുവതാരത്തോട് വലിയ അനീതിയെന്ന് ആർ. അശ്വിന്

മുംബൈ∙ അടുത്ത വർഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ അതിനുള്ള തയാറെടുപ്പായാണ് ഇന്ത്യ ഏകദിന പരമ്പരകൾ കളിക്കുന്നത്. ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, യുവതാരം യശസ്വി ജയ്സ്വാളിന്റെ അഭാവം ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ മൂന്നു മത്സരങ്ങൾക്കു ശേഷം അവസാന മത്സരങ്ങൾക്കായി മറ്റൊരു ടീമിനെ പ്രഖ്യാപിച്ചപ്പോഴും ജയ്സ്വാളിന് ഇടം ലഭിച്ചില്ല. ഏകദിന ടീമിൽനിന്ന് ജയ്സ്വാളിനെ ഒഴിവാക്കാനുള്ള കാരണം എന്താണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ പ്രതികരിച്ചു. ഓപ്പണറായ ശുഭ്മൻ ഗിൽ അവസാന ഏകദിന പോരാട്ടങ്ങൾ കളിക്കാത്തതിനാൽ ജയ്സ്വാളിന് ഈ മത്സരങ്ങളിലെങ്കിലും അവസരം നൽകാമായിരുന്നെന്നാണ് അശ്വിന്റെ നിലപാട്.‘‘ജയ്സ്വാളിന് അർഹിച്ച അവസരങ്ങൾ പോലും ഇവിടെ കിട്ടുന്നില്ല. ഇത് അനീതിയാണ്. അതുകൊണ്ടാണ് ന്യൂസീലൻഡിനെതിരെ അവസാന രണ്ടു മത്സരങ്ങളിലെങ്കിലും അദ്ദേഹത്തെ ഇറക്കണമെന്നു പറയുന്നത്. ഞാൻ സിലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നെങ്കിൽ, ജയ്സ്വാളിനെ വിളിച്ച് രണ്ടു മത്സരങ്ങൾ കളിക്കാൻ തയാറാണോയെന്നു ചോദിക്കുമായിരുന്നു. യശസ്വി ജയ്സ്വാൾ എപ്പോഴാണ് അവസാനമായി കളിച്ചതെന്ന് അറിയുമോ? ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിലാണ് അദ്ദേഹം ഒടുവിൽ കളിച്ചത്. അതിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ അദ്ദേഹത്തിന് അവസരമേ ലഭിച്ചിട്ടില്ല. ഏറ്റവും മികച്ച ഫോമിൽ വിക്കറ്റിനു മുന്നിലെത്തിയാൽ തുടർച്ചയായി സ്കോറുകള് കണ്ടെത്തിയിരുന്ന ബാറ്ററാണ് അദ്ദേഹം. അദ്ദേഹത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ടീം മാനേജ്മെന്റിന്റെയും സിലക്ടർമാരുടേയും ഉത്തരവാദിത്തമാണ്.’’– അശ്വിൻ യുട്യൂബ് ചാനലിലെ ചർച്ചയിൽ പ്രതികരിച്ചു.നാലും അഞ്ചും ഏകദിന മത്സരങ്ങൾക്കുള്ള ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധീർ, ആക്വിബ് നബി, ഗുർനൂര് ബ്രാർ, ഋതുരാജ് ഗെയ്ക്വാദ്, അർഷ്ദീപ് സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് ഠാക്കൂർ, കുൽദീപ് യാദവ്.
Auto ⏭️




