NEWS

ഓൺലൈൻ യോഗത്തിനിടെ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; കശ്മീരിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം


ശ്രീനഗർ ∙ ഓൺലൈൻ യോഗത്തിനിടെ ജൂനിയർ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കുമാർ രാജീവ് രഞ്ജനെതിരെ ജമ്മു കശ്മീർ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുതിർന്ന ഉദ്യോഗസ്ഥനായ മന്ദീപ് കൗറിനാണ് അന്വേഷണ ചുമതല. ഉത്തരവ് പുറപ്പെടുവിച്ച് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. മിഷൻ യുവ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വെർച്വൽ അവലോകന യോഗത്തിലാണ് സംഭവം. ലേബർ ആൻഡ് എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായ കുമാർ രാജീവ് രഞ്ജൻ (2010 ബാച്ച് ഐഎഎസ്), ഗന്ദർബാൽ അസിസ്റ്റന്റ് ഡയറക്ടർ ബീനിഷ് വാനിയോട് അതീവ മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. തന്റെ ഓഫിസിലെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ച ബീനിഷ് വാനിയെ രാജീവ് രഞ്ജൻ തുടർച്ചയായി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.


Fashion ⏭️

Back to top button