‘രാജേഷിന്റെ പങ്കാളിയായത് കൊണ്ടുമാത്രം എനിക്ക് കിട്ടിയ സൗഭാഗ്യം’; സന്തോഷം പങ്കുവച്ച് ഭാര്യ ദീപ്തി

രാജേഷ് മാധവനും ഭാര്യ ദീപ്തി കാരാട്ടും
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലർ 2’വിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ രാജേഷ് മാധവൻ. ചിത്രത്തിലെ ഹൈ എനർജറ്റിക് ഡാൻസ് നമ്പറിന്റെ ഭാഗമായാണ് രാജേഷ് രജനിക്കൊപ്പം തർത്താടിയത്. ഇപ്പോഴിതാ ഈ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രാജേഷ് മാധവന്റെ ഭാര്യയും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ട്.
രാജേഷിന്റെ ജീവിത പങ്കാളി ആയിരിക്കുന്നതിലെ സൗഭാഗ്യങ്ങളിൽ ഒന്നായാണ് രജനികാന്തിനൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ നിമിഷങ്ങളെന്ന് ദീപ്തി സോഷ്യൽ മീഡിയയിൽ കുറിച്ചു. ജയിലർ 2വിന്റെ സെറ്റിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പമായിരുന്നു ദീപ്തിയുടെ കുറിപ്പ്.
രാജേഷ് മാധവനും ഭാര്യയും രജനികാന്തിനൊപ്പം
ദീപ്തി പങ്കുവച്ച കുറിപ്പിലെ ചില ഭാഗങ്ങൾ
എന്റെ ചെറിയൊരു അഭിമാന നിമിഷം. സിനിമയെ അത്രയധികം സ്നേഹിക്കുന്നവരെ സംബന്ധിച്ച്, രജനീകാന്തിനെനേരിൽ കാണുക എന്നതും അദ്ദേഹത്തിന്റെ അഭിനയം കണ്ട് സാക്ഷ്യം വഹിക്കുക എന്നതും വാക്കുകളിൽ വിവരിക്കാൻപോലുമാകാത്ത ഒരു സ്വപ്നമാണ്. എന്റെ ഭാഗ്യവാനായ (രാജേഷ് മാധവൻ) അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുന്നു. ചിന്തിച്ചുനോക്കൂ, എത്ര വലിയ കാര്യമാണിത്.
സിനിമയിൽ വലിയ സ്വപ്നങ്ങൾ കാണാൻ ഒരിക്കലും ധൈര്യപ്പെടാത്ത ഒരാളെ സംബന്ധിച്ചിടത്തോളം, ഇത് സ്വപ്നത്തിനപ്പുറമുള്ള ഒരു യാഥാർത്ഥ്യമാണ്. എനിക്ക് നിന്നെയറിച്ച് ഒരുപാട്, ഒരുപാട് അഭിമാനമുണ്ട്, കുഞ്ഞാ!. സത്യം പറഞ്ഞാൽ, രാജേഷിന്റെ പങ്കാളിയായത് കൊണ്ടുമാത്രം എനിക്ക് കിട്ടിയ ഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു.
‘അല്ല ബോലെലോ’ എന്ന് തുടങ്ങുന്ന ഡാൻസ് നമ്പറിലൂടെയാണ് രാജേഷ് മാധവന്റെ കഥാപാത്രം എത്തുന്നത്. ഷംന കാസിം ചുവടുകൾകൊണ്ട് തകർത്താടിയ ഈ നൃത്തരംഗത്തിൽ ഗായകന്റെ വേഷത്തിലാണ് രാജേഷ് മാധവൻ പ്രത്യക്ഷപ്പെടുന്നത്.
RELATED TOPICS: RAJESH MADHAVAN, DEEPTHI RAJESH, RAJESH MADHAVAN WIFE, MALAYALAM CINEMA NEWS, VIRAL PHOTOS
Business ⏭️




