NEWS

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡിയുടെ സമൻസ്: അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പിണറായി വിജയൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നി‌ർദേശം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. നിയമസഭ നടക്കുന്ന കാര്യവും ഇഡിയെ അറിയിക്കാനാണ് ആലോചന. കേസിൽ മുഹമ്മദ് റിയാസിനും ഇഡി ഉടൻ സമൻസ് അയച്ചേക്കുമെന്നാണ് വിവരം.

അതേസമയം, സിഎംആർഎൽ കേസിലെ പിണറായി വിജയന്റെ ഹർജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.

RELATED TOPICS: MASAPPADI CASE, PINARAYI VIJAYAN, ENFORCEMENT DIRECTORATE, KERALAM

Read News ⏭️

Back to top button