HEALTH
ഉച്ചയാകുമ്പോൾ ക്ഷീണവും ഉറക്കവും തോന്നുന്നുണ്ടോ? ഊർജം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ശീലിക്കാം

രാവിലെ നല്ല ഉന്മേഷത്തോടെ ജോലികൾ തുടങ്ങും. എന്നാൽ ഉച്ചകഴിഞ്ഞ് രണ്ടോ മൂന്നോ മണിയാകുമ്പോഴേക്കും കണ്ണുകൾക്ക് കനം, അമിതമായ കോട്ടുവായ, ശ്രദ്ധക്കുറവ്…പലർക്കും പതിവായ അനുഭവമാണിത്. ഉറക്കക്കുറവ് മാത്രമല്ല, ഭക്ഷണരീതിയും ഈ ക്ഷീണത്തിന് കാരണമാകാം. പോഷകസമൃദ്ധമായ ഭക്ഷണം ശരീരത്തിന് ഊർജം നൽകുന്നതിനൊപ്പം തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ഏകാഗ്രതയെയും പിന്തുണയ്ക്കും. ഉച്ചകഴിഞ്ഞുള്ള ക്ഷീണം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില വിഭവങ്ങൾ പരിചയപ്പെടാം.കൊഴുപ്പുള്ള മത്സ്യങ്ങൾ മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തിക്കും ഇവ പ്രധാനമാണ്. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി ഇത്തരം മത്സ്യങ്ങൾ ഉൾപ്പെടുത്താം.ബെറിപ്പഴങ്ങൾ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽനിന്ന് സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. ലഭ്യതയനുസരിച്ച് മറ്റു പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.മുട്ട തലച്ചോറിലെ നാഡീസന്ദേശ കൈമാറ്റത്തിന് ആവശ്യമായ അസറ്റൈൽകൊളിൻ എന്ന രാസപദാർഥത്തിന്റെ നിർമാണത്തിൽ പ്രധാനപങ്കുള്ള കോളിന്റെ നല്ല ഉറവിടമാണ് മുട്ട. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ മുട്ട ഉൾപ്പെടുത്തുന്നത് പോഷകാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.മത്തങ്ങാക്കുരു മഗ്നീഷ്യം ഉൾപ്പെടെയുള്ള ധാതുക്കൾ അടങ്ങിയ മത്തങ്ങാക്കുരു ആരോഗ്യകരമായ ലഘുഭക്ഷണമാണ്. ചെറിയ അളവിൽ കുരുക്കൾ കഴിക്കുന്നത് ഭക്ഷണത്തിലെ പോഷകവൈവിധ്യം വർധിപ്പിക്കും.നട്സും ഡാർക്ക് ചോക്ലേറ്റും ബദാം, വാൾനട്ട് തുടങ്ങിയ നട്സുകൾക്കൊപ്പം അൽപം ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. നട്സിലെ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും വിശപ്പ് നിയന്ത്രിക്കാനും ഊർജം നിലനിർത്താനും സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ കഫീൻ ജാഗ്രത വർധിപ്പിച്ചേക്കാം. എന്നാൽ അളവ് ശ്രദ്ധിക്കണം. കോഫി കുടിക്കുന്നവരാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ കഫീൻ ഉറക്കത്തെ ബാധിക്കാനും അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
Cinema ⏭️




