AUTO
0.81 സെക്കൻഡിൽ 90 കി.മീറ്റർ വേഗം! ഭാവിയിലെ പറക്കും കാർ അവതരിപ്പിച്ച് മസ്ക്… ഉപയോഗിച്ചത് സ്പേസ്എക്സ് റോക്കറ്റ് ടെക്നോളജിയും– വിഡിയോ

ഒടുവിൽ പറക്കും കാറുകളും യാഥാർഥ്യമാകുന്നു! ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടെസ്ലയുടെ പുതിയ ‘റോഡ്സ്റ്റർ’ (Roadster) സ്പോർട്സ് കാറിന്റെ അദ്ഭുതപ്പെടുത്തുന്ന ലോഞ്ച് ഇലോൺ മസ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പേസ് എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വായുവിൽ അദ്ഭുതകരമായ അഭ്യാസങ്ങൾ പ്രകടിപ്പിക്കുന്ന കാറിന്റെ വിഡിയോ മസ്ക് ഒക്ടോബർ 15ന് എക്സിൽ പങ്കുവച്ചു. ടെക്സസിലെ മഗ്രോവിലുള്ള സ്പേസ് എക്സിന്റെ റോക്കറ്റ് നിർമാണ കേന്ദ്രത്തിലായിരുന്നു ഈ ചരിത്രപ്രധാനമായ ചടങ്ങ്.വെളുത്ത നിറത്തിലുള്ള ഇലക്ട്രിക് സ്പോർട്സ് കാർ നിലത്തുനിന്ന് ഉയർന്നുപൊങ്ങുന്നതും വായുവിൽ കരണം മറിയുന്നതും മറ്റു അഭ്യാസങ്ങൾ നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രകാശവിതാനങ്ങളുടെ പശ്ചാത്തലത്തിൽ അതിവേഗത്തിലുള്ള ഈ അഭ്യാസപ്രകടനങ്ങൾ കാഴ്ചക്കാരിൽ വലിയ കൗതുകമാണ് ഉണർത്തിയത്. കാറുകൾ പറക്കുമെന്ന ഇലോൺ മസ്കിന്റെ വർഷങ്ങളായുള്ള സ്വപ്നമാണ് ഇതിലൂടെ വീണ്ടും സജീവമായിരിക്കുന്നത്.∙ പൂജ്യത്തിൽ നിന്ന് 90 കിലോമീറ്റർ വേഗത്തിലേക്ക്… ടെസ്ലയുടെ ‘പറക്കും’ റോഡ്സ്റ്റർ എങ്ങനെ പ്രവർത്തിക്കുന്നു? കോൾഡ്-ഗ്യാസ് ത്രസ്റ്ററുകളും ഫാൻ അടിസ്ഥാനമാക്കിയുള്ള സക്ഷൻ സിസ്റ്റവും (suction system) ഒരുമിച്ച് ഉപയോഗിച്ചാണ് ടെസ്ല റോഡ്സ്റ്റർ പ്രദർശിപ്പിച്ചത്. വാഹനത്തെ അന്തരീക്ഷത്തിലേക്ക് ഉയർത്താനും അതിന്റെ ചലനങ്ങൾ നിയന്ത്രിക്കാനുമാണ് സ്പേസ് എക്സിന്റെ സഹകരണത്തോടെ ഈ ത്രസ്റ്ററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.ടെസ്ലയും സ്പേസ് എക്സും സംയുക്തമായി നടപ്പിലാക്കിയ ഒരു സംരംഭമായാണ് മസ്ക് റോഡ്സ്റ്ററിനെ വിശേഷിപ്പിച്ചത്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ ഏകദേശം 90 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് വെറും 0.81 സെക്കൻഡ് മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.∙ പറക്കും ടെസ്ല റോഡ്സ്റ്റർ എപ്പോൾ വിപണിയിലെത്തും? 2017-ൽ ടെസ്ല രണ്ടാം തലമുറ റോഡ്സ്റ്റർ പ്രഖ്യാപിച്ചതുമുതൽ മസ്കിന്റെ ഏറ്റവും പ്രതീക്ഷയേറിയ പദ്ധതികളിൽ ഒന്നാണിത്. 2020-ൽ തന്നെ വിതരണം ആരംഭിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി പലതവണ വൈകുകയായിരുന്നു. നിലവിലെ വിവരങ്ങൾ അനുസരിച്ച് 2028-ഓടെ കാറിന്റെ നിർമാണം ആരംഭിക്കുമെന്നാണ് ടെസ്ല പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ പുതിയ വാഹനത്തിന്റെ മുഴുവൻ നിർമാണ വിവരങ്ങളും വില സംബന്ധിച്ച വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Sports ⏭️




