NEWS
പാക്കിസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; 34 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച സ്കൂൾ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 34 വിദ്യാർഥികൾ ഉൾപ്പെടെ 35 പേർ മരിച്ചു. ദിർ കോളനിയിലെ അൽ-ഖൈർ എന്ന സ്വകാര്യ സ്കൂളിലാണ് അപകടമുണ്ടായത്. സ്കൂളിന്റെ മേൽക്കൂര തകർന്നുവീണാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു അധ്യാപകനും ജീവൻ നഷ്ടമായി. അപകടം നടക്കുമ്പോൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ 30 വിദ്യാർഥികൾ ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ സ്കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് നിലയിൽ പണിതുയർത്തിയ കെട്ടിടത്തിന്റെ നിർമാണത്തിലുള്ള അപാകതയാണ് അപകടത്തിനു കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ 3 വിദ്യാർഥികൾ ചികിത്സയിലാണ്. നിസ്സാരമായി പരുക്കേറ്റ 20 ഓളം വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തിയതായി പെഷവാർ ഡപ്യൂട്ടി കമ്മിഷണർ അഫാഖ് വസീർ പറഞ്ഞു. കെട്ടിട ചട്ടങ്ങൾ ലംഘിച്ചാണ് സ്കൂൾ നിർമിച്ചതെന്നും അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. പാക്ക് സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു. അപകടത്തിൽ പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ദുഃഖം രേഖപ്പെടുത്തി.
Fashion ⏭️




