NEWS

മഹാ കർഷകൻ മണ്ണിലേക്ക് മടങ്ങി, ചെറുവയൽ രാമന്റെ മൃതദേഹം സംസ്കരിച്ചു

ചെറുവയൽ രാമന്റെ സംസ്കാരച്ചടങ്ങ്

കൽപ്പറ്റ: ഇന്നലെ അന്തരിച്ച, പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവും പദ്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ മൃതദേഹം സംസ്കരിച്ചു. ചെറുവയൽ കുറിച്ച്യ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം . നൂറുകണക്കിനുപേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ടി സിദ്ധിഖ് , സിപിഎം സംസ്ഥാന സെക്രട്ട‌റി എംവി ഗോവിന്ദൻ, മുൻ മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.30 നായിരുന്നു അന്ത്യം. വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതു ദർശനത്തിനുവച്ചിരുന്നു.

1952 ജൂൺ ആറിന് എടവക കമ്മനയിലെ കുറിച്യ തറവാട്ടിലാണ് തലക്കര ചെറിയരാമനെന്ന ചെറുവയൽ രാമന്റെ ജനനം. കേളപ്പന്റെയും തേയിയുടെയും മകനാണ്.ചൊവ്വാഴ്ച വെെകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു. വെെകിട്ടോടെ ആരോഗ്യ നില വഷളായി. നേരത്തെയും രണ്ടു തവണ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.

രണ്ടാം വയസിൽ പിതാവ് മരിച്ചതോടെ അമ്മാവന്റെ സംരക്ഷണയിലാണ് വളർന്നത്. കമ്മന നവോദയ എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസ് വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. പത്താം വയസിൽ കാ‌ർഷിക മേഖലയിലേക്ക് ഇറങ്ങി. അമ്മാവൻ കൈമാറിയ 40 ഏക്കർ ഭൂമിയും തലമുറകളായി കൈമാറി വന്ന വിത്തുകളുമായിരുന്നു സമ്പാദ്യം. 1969ൽ കണ്ണൂർ ഡി.എം.ഒ ഓഫീസിൽ വാർഡനായി ജോലി ലഭിച്ചെങ്കിലും കൃഷിയോടുള്ള അഭിനിവേശം കാരണം ജോലി വേണ്ടന്നുവച്ചു. 150 വർഷം പഴക്കമുള്ള മൺവീട്ടിലായിരുന്നു താമസം.

English Summary

Padma Shri awardee Cheruvayal Raman, the renowned traditional farmer and guardian of heritage paddy varieties, was cremated with full official honors in Kalpetta. Hundreds, including state minister T. Siddique and CPM state secretary M.V. Govindan, paid final respects. Raman passed away yesterday following treatment for a heart ailment at Kozhikode Medical College Hospital.
RELATED TOPICS: CHERUVAYAL RAMAN, CHERUVAYAL RAMAN FUNERAL, CHERUVAYAL RAMAN DEATH NEWS, CHERUVAYAL RAMAN MALAYALAM NEWS, CHERUVAYAL RAMAN SAMSKARAM

Read News ⏭️

Back to top button