NEWS

കൂടത്തിൽ വക ഭൂമിയുടെ സമീപം ഏഴ് സെന്റ് വാങ്ങിയത് പൊലീസ് ഉന്നതൻ? 9 വർഷം കേസ് നീണ്ടുപോയതിനു പിന്നിൽ


തിരുവനന്തപുരം ∙ കൂടത്തിൽ തറവാട്ടിലെ കൊലപാതകം സംബന്ധിച്ച് തെളിവുകൾ മുന്നിലുണ്ടായിട്ടും ഒൻപതു വർഷത്തോളം കേസിന്റെ നടപടികളിൽ നീണ്ടതിൽ അടിമുടി ദുരൂഹതയാണ് ആരോപിക്കപ്പെടുന്നത്. രാഷ്ട്രീയക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കേസിന്റെ പല ഭാഗങ്ങളിൽ പങ്കുണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കു മേലുള്ള ഇവരുടെ സമ്മർദവും കേസിന്റെ വഴി മുട്ടിച്ചു. പഴയ കേസുകൾ വീണ്ടും പൊടി തട്ടിയെടുത്ത് അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നിർദേശമാണു കേസിൽ വഴിത്തിരിവായത്. കൂടത്തിൽ വകയായി കാരയ്ക്കാമണ്ഡപത്തിനു സമീപത്തെ ഭൂമിയിൽ ഏഴു സെന്റ് പൊലീസ് ഉന്നതനാണു വാങ്ങിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. കരമന പൊലീസ് ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണം മുതൽ അട്ടിമറിയുണ്ടായതാണ് പ്രതിയിലേക്ക് എത്താൻ വൈകിയതെന്നതാണ് പ്രധാന ആക്ഷേപം. രവീന്ദ്രൻ നായർക്കെതിരെ തെളിവുകളും സംശയങ്ങളും ഉയർന്നിട്ടും കേസ് മുന്നോട്ടു കൊണ്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ലെന്നും ആരോപണം ഉയർന്നു. ഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും നേരിട്ട് വിളിച്ച് അന്വേഷണം നടത്തി പ്രതിയെ പിടികൂടാൻ പലതവണ ഉദ്യോഗസ്ഥരോടു നിർദേശിച്ചിട്ടും ഫലമുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലുകളും സമ്മർദങ്ങളും കേസ് അന്വേഷണത്തെ ബാധിച്ചിരുന്നുവെന്ന വിവരങ്ങളും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ടായിരുന്നു.


Fashion ⏭️

Back to top button