ജനാധിപത്യം നിലനിറുത്താനുള്ള പോരാട്ടം തുടരും: വി.ഡി.സതീശൻ

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം നിലനിറുത്താനുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഡൽഹി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രതിഷേധമെത്തിക്കാനാണ് ശ്രമം. ജനാധിപത്യം അട്ടിമറിക്കുന്നതിന് എതിരായി നടക്കുന്ന പോരാട്ടം ലോകമാകെ ശ്രദ്ധിക്കുന്നു. അധികാരം തുടർച്ചയായി ലഭിച്ചാൽ എന്ത് സംഭവിക്കുമെന്നതിന്റെ ദുരന്തമാണ് നേരിടുന്നത്. ബി.ജെ.പി ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി അവർ ഏൽപ്പിച്ച ദൗത്യം ഗ്യാനേഷ് കുമാർ നടപ്പാക്കി. എല്ലാ ഏകാധിപതികളും കുറച്ചുകാലം അധികാരത്തിൽ ഇരുന്നാൽ ജീവിതാവസാനം വരെ തുടരണമെന്ന് ആഗ്രഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, സി.പി.ജോൺ, മോൻസ് ജോസഫ്, പി.സി.വിഷ്ണുനാഥ്, അനൂപ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.




