NEWS

കോൺസ്റ്റബിളായ ഭാര്യ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ; അമ്മയ്‌ക്ക് മർദനമേറ്റെന്ന് മകൻ; പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ


മുംബൈ ∙ പൊലീസ് കോൺസ്റ്റബിളായ സ്മിത മാനെയെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കോൺസ്റ്റബിളായ ഭർത്താവ് സച്ചിൻ മാനെ അറസ്റ്റിൽ. സ്മിതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് സച്ചിൻ മാനെ കഴിഞ്ഞ 8 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്മിത വീട്ടിൽ നിന്ന് പറയാതെ പോയതാണെന്നും അയാൾ കുടുംബത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിളായ സ്മിത മാനെയുടെ മൃതദേഹം ഞായറാഴ്ച ബിഡ്‌വാഡി-ഹുമ്പർണെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് സ്മിതയുടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ തറയിൽ മുറിച്ച നിലയിൽ നീണ്ട മുടിയിഴകൾ കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടർന്ന് ഇവരുടെ മകനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ ‘അച്ഛൻ രാത്രി അമ്മയെ ബെൽറ്റുകൊണ്ട് അടിച്ചു. അമ്മ കുളിമുറിയിൽ വീണു’ എന്നായിരുന്നു കുട്ടിയുടെ വാക്കുകൾ. സ്വഭാവദൂഷ്യം ആരോപിച്ച് സ്മിതയെ സച്ചിൻ മാനെ ചോദ്യം ചെയ്യുകയും നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്നതായി കാട്ടി സ്മിതയുടെ സഹോദരി രേഷ്മ ജാദവ് പൊലീസിനു പരാതി നൽകി. ഇയാളുടെ പീഡനം സഹിക്കവയ്യാതെ സ്മിത ആത്മഹത്യ ചെയ്തതാവാം എന്നാണ് കരുതിയതെങ്കിലും ഇവരുടെ മകന്റെ വാക്കുകൾ കൊലപാതകമെന്ന സംശയം ഉയർത്തുന്നതായി കുടുംബം പറയുന്നു.


Fashion ⏭️

Back to top button