NEWS

വിജിലന്‍സ് എഫ്‌ഐആര്‍ അംഗീകരിച്ച് കോടതി; ഇഡിയോടു വിവരങ്ങള്‍ തേടും, പിന്നീട് ചോദ്യം ചെയ്യല്‍


തിരുവനന്തപുരം∙ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്‌ഐആര്‍ കോടതി അംഗീകരിച്ചു. അഴിമതി നിരോധന നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് വിശദമായ പരിശോധനയ്ക്കു ശേഷം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെയും ഒന്നാം പ്രതികളാക്കി രണ്ട് എഫ്‌ഐആറുകളാണ് വിജിലന്‍സ് റജിസ്റ്റര്‍ ചെയ്തത്. രണ്ടിലും വീണാ വിജയന്‍ രണ്ടാം പ്രതിയാണ്.വിജിലന്‍സ് സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് രണ്ടു കേസും അന്വേഷിക്കാനാണു തീരുമാനം. ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങാനായി കത്തു നല്‍കും. രേഖകള്‍ ശേഖരിച്ച് വിശദമായി പരിശോധിച്ച ശേഷം പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണയെയും ഉള്‍പ്പെടെ നോട്ടിസ് നല്‍കി വിളിപ്പിച്ച് ചോദ്യം ചെയ്യുന്ന നടപടികളിലേക്കു കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പൊതുമരാമത്തു സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടു നടന്നുവെന്ന പരാതിയും അന്വേഷിക്കുന്നത് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള ടീമാണ്. രണ്ടു കേസുകളും ഒരു ടീമിലേക്ക് എത്തിയതോടെ ഒരു കേസിന്റെ അന്വേഷണം മറ്റൊരു ടീമിനെ ഏല്‍പ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.  


Fashion ⏭️

Back to top button