NEWS

പഠനച്ചെലവിനു മാതാപിതാക്കൾക്ക് ഭാരമുണ്ടാകരുതെന്ന് കരുതി; ദേവിക മടങ്ങിയത് സ്വപ്നങ്ങൾ ബാക്കിവച്ച്


കൽപറ്റ ∙ ‘‘എന്നെ പഠിപ്പിക്കാൻ പാടുപെട്ടതു പോലെ അപ്പുവിനെ പഠിപ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വരില്ല’’ – നെടുമ്പാശേരിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് മരിച്ച വയനാട് മടക്കിമല സ്വദേശി ദേവിക അനിയൻ ദേവാനന്ദിനെപ്പറ്റി അമ്മ സരിതയോട് പലപ്പോഴും പറയാറുണ്ടായിരുന്ന വാക്കുകൾ. പഠനത്തിലും കലയിലും കായികരംഗത്തുമെല്ലാം ഒരു പോലെ തിളങ്ങിയ, ജീവിതസ്വപ്നങ്ങൾ ഏറെയുണ്ടായിരുന്ന ഒരു പെൺകുട്ടിയായിരുന്നു ദേവിക. നെടുമ്പാശേരിയിൽ കുതിച്ചെത്തിയ കാറിനു മുന്നിൽ ഒടുങ്ങിയത് വെല്ലുവിളികൾ അവസരങ്ങളാക്കി കുതിച്ചുയരാൻ ശ്രമിച്ച അവളുടെ സ്വപ്നങ്ങൾ കൂടിയായിരുന്നെന്ന് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും നൽകുന്ന വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.പത്താം ക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ജയിച്ച ദേവിക ഏവിയേഷനിലും ബിബിഎയിലും മികച്ച വിജയം നേടി വിദേശജോലിക്കു ശ്രമം നടത്തുന്നതിനിടെയാണ് നെടുമ്പാശേരിയിലെ റോഡുവക്കിൽ ആ സ്വപ്നങ്ങൾ ചിറകറ്റു വീണത്. ജില്ലാ സോഫ്റ്റ്ബോൾ ടീമിലെ അംഗം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി നർത്തകി തുടങ്ങി കായിക, കലാരംഗത്തും ഏറെ മികവാണ് ദേവിക കാഴ്ചവച്ചത്. കൽപറ്റ മടക്കിമലയിലെ ചെറിയ വീട്ടുവരാന്തയിലുള്ള ഷോകേസ് നിറയെ കലാ, കായിക, വിദ്യാഭ്യാസ രംഗങ്ങളിലെ മികവിന് ദേവികയ്ക്കു ലഭിച്ച പുരസ്കാര ഫലകങ്ങളും മെഡലുകളുമാണ്. ഫലകങ്ങളിൽ പലതിലും നിറചിരിയോടെ ദേവികയും.‘‘പ്രതിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ്. കുടുംബസ്വാധീനവും പണസ്വാധീനവും ഉപയോഗിച്ച് പ്രതിയുടെ കുടുംബം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തോന്നലുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി വലിയ കുറ്റം ചെയ്തയാളെ കുട്ടികളുടെ ജയിലാണോ പാർപ്പിക്കേണ്ടത്? മദ്യത്തിനൊപ്പം മറ്റു ലഹരികളും ഉപയോഗിച്ചതായി സംശയിക്കുന്ന പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിയമസഹായം നൽകുമെന്നാണ് കരുതുന്നത്.’’ – മരിച്ച ദേവികയുടെ അച്ഛൻ സന്തോഷ് കുമാർ പറയുന്നു.


Fashion ⏭️

Back to top button