NEWS
കടലില്ലാ കോട്ടയത്തെ തുറമുഖത്തിന് പുത്തൻ നേട്ടം; ഇതര സംസ്ഥാന കണ്ടെയ്നർ ആദ്യമായി കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി സ്പെയിനിലേക്ക്

കോട്ടയം ∙ ഇതര സംസ്ഥാനത്തുനിന്ന് വിദേശത്തേക്കുള്ള കണ്ടെയ്നർ ഇതാദ്യമായി കോട്ടയം പോർട്ടിൽനിന്നു വിഴിഞ്ഞത്തേക്ക് അയച്ചു. ശിവകാശിയിൽനിന്നു സ്പെയിനിലെ ബാർസിലോനയിലേക്കുള്ള ഡയറികളാണ് കഴിഞ്ഞദിവസം കോട്ടയം പോർട്ടിൽനിന്നു ക്ലിയറൻസ് നടത്തിവിട്ടത്. പുലർച്ചെ 2ന് അയച്ച കണ്ടെയ്നർ രാവിലെ ആറോടെ വിഴിഞ്ഞത്തെത്തി. കൂടുതൽ സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് വിഴിഞ്ഞത്ത് എളുപ്പത്തിൽ ക്ലിയറൻസ് നടത്തിവിടുന്നതു സംബന്ധിച്ച് അന്വേഷണങ്ങൾ വരുന്നതായി പോർട്ട് അധികൃതർ അറിയിച്ചു. ഇതോടെ പോർട്ടിലെ തൊഴിൽസാധ്യതകളും വർധിക്കുമെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞദിവസം രണ്ടു കണ്ടെയ്നർ ചരക്കു വന്നപ്പോൾ മാത്രം പതിനഞ്ചോളം പേർക്ക് എട്ടു മണിക്കൂർ ജോലി ലഭിച്ചതായും ചൂണ്ടിക്കാട്ടി. കോട്ടയം പോർട്ട് വഴി ക്ലിയറൻസ് നടത്തി അയച്ചതോടെ ഒരു മാസത്തെ സമയലാഭം ലഭിച്ചതായി മഹാരാഷ്ട്ര ആസ്ഥാനമായുള്ള കയറ്റുമതി സ്ഥാപനവും വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്ത് കയറ്റിറക്കിനുള്ള (എക്സിം) കാർഗോ ഗേറ്റ് ഓഗസ്റ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ തുറന്നതോടെ കോട്ടയത്തിനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. ചരക്ക് ഇറക്കുമതിയിൽ സുപ്രധാനമായ ട്രാൻസ്ഷിപ്മെന്റ് ബോണ്ടിൽ കോട്ടയം തുറമുഖവും കസ്റ്റംസ് ഡിപ്പാർട്മെന്റും ഒപ്പുവച്ചതോടെ വേഗത്തിൽ ക്ലിയറൻസ് നടത്തി, ചരക്ക് വിഴിഞ്ഞം തുറമുഖത്തുനിന്ന് ഇറക്കാനും കോട്ടയത്തിനു സാധിക്കും. 100 കോടി രൂപയുടെ കരാറിലാണ് കഴിഞ്ഞമാസം ഒപ്പുവച്ചത്. കോട്ടയം പോർട്ടിൽ ചരക്ക് ക്ലിയറൻസ് വേഗത്തിൽ നടത്താനുള്ള സൗകര്യങ്ങൾ ഉള്ളതിനാൽ കമ്പനികൾക്ക് സമയം ലാഭിക്കാം. അല്ലാത്തപക്ഷം വിഴിഞ്ഞത്തുനിന്നു മറ്റു തുറമുഖങ്ങളിലേക്കു ചരക്കുകളെത്തിച്ച് ക്ലിയറൻസ് നടത്തി വേണം ഇറക്കുമതി ചെയ്യാൻ. ഇതിന് ആഴ്ചകളോളം വേണ്ടിവരും. അത് സ്ഥാപനങ്ങൾക്ക് സമയനഷ്ടവും ധനനഷ്ടവുമുണ്ടാക്കുന്നു.
Fashion ⏭️




