NEWS

മോഹം മോഡിഫൈ ചെയ്തു, ഒടുവിൽ അർജുൻ കാർ നിർമിച്ചു; സ്വന്തമായി കാർ നിർമിച്ച് പ്ലസ്ടു വിദ്യാർഥി


വിഴിഞ്ഞം ∙ വാഹനങ്ങളോടുള്ള അമിത ഇഷ്ടത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥി സ്വന്തമായി ഒരു വാഹനം തന്നെ നിർമിച്ചു. വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആർ.ആർ. അർജുനാണ് റേസിങ് വാഹന രൂപത്തോട് സാമ്യമുള്ള നാലു ചക്ര വാഹനം നിർമിച്ചു ശ്രദ്ധ നേടുന്നത്.പൊലീസ് ട്രെയ്നിങ് ക്യാംപ് എസ്ഐ മുക്കോല പനവിളക്കോട് നന്ദനം വീട്ടിൽ കെ. റെജിയുടെയും പരേതയായ വി.ആർ. രാഖിയുടെയും മകനാണ്. പെട്രോൾ ഇന്ധനത്തിൽ ഓടുന്ന ചെറു കാറിന്റെ രൂപകൽപനയും നിർമാണവും എല്ലാം സ്വന്തം നിലയ്ക്കായിരുന്നെന്ന് അർജുൻ പറഞ്ഞു. സ്കൂളിൽ നടത്തിയ എക്സിബിഷനോടനുബന്ധിച്ച് സ്വയം നിർമിച്ച വാഹനവുമായി എത്തിയ അർജുൻ ഏവർക്കും കൗതുക കാഴ്ചയായി. പഴയ ബൈക്കിന്റെ എൻജിൻ ആണ് കാറിലുപയോഗിച്ചതെന്ന് അർജുൻ പറഞ്ഞു. ആക്രി കടയിൽ നിന്നു സംഘടിപ്പിച്ച ഇരുമ്പ് പ്ലേറ്റുകളും മറ്റും ഉപയോഗിച്ച് ഒരു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ക്ലച്ചും ഗിയറും കൈ കൊണ്ടും ആക്സിലറേറ്ററും ബ്രേക്കും കാലു കൊണ്ടു നിയന്ത്രിക്കുന്ന വിധമാണ് രൂപകൽപന. ഒറ്റ സീറ്റുള്ള വാഹനത്തിന് നാലു ടയറുകളുണ്ട്. വീട്ടിലെ വെൽഡിങ് മെഷീൻ ഉപയോഗിച്ചായിരുന്നു കൂട്ടിയോജിപ്പിക്കൽ. 35000ത്തിലേറെ രൂപ ചെലവായതായി അർജുൻ പറഞ്ഞു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സഹോദരി ആർ.ആർ.ആദിത്യലക്ഷ്മിയും പിതാവും സ്കൂൾ അധ്യാപകരും തന്റെ ഉദ്യമത്തിനു പ്രോത്സാഹനം നൽകുന്നുണ്ടെന്നും മെക്കാനിക്കൽ എൻജിനീയറിങ് പഠനമാണ് താൽപര്യമെന്നും അർജുൻ പറഞ്ഞു.


Fashion ⏭️

Back to top button