SPORTS

20–ാം ഓവറിൽ പത്താം നമ്പർ ബാറ്ററുടെ ‘കത്തിക്കൽ’, സ്കൂപ് ഷോട്ടിൽ ഞെട്ടി സഞ്ജു സാംസണും കുൽദീപും– വിഡിയോ


ഇൻഡോർ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ ടീമിനായി വാലറ്റത്ത് പ്രിൻസ് യാദവിന്റെ ബാറ്റിങ് ‘കാമിയോ’. ഷമാര്‍ ജോസഫിന്റെ അവസാന ഓവറുകളിൽ മൂന്നു പന്തുകൾ ബൗണ്ടറി കടത്തിയാണ് പ്രിൻസ് യാദവ് സഞ്ജു സാംസൺ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചത്. പത്താം നമ്പർ താരമായി ക്രീസിലെത്തിയ പ്രിൻസ് യാദവ് ആറു പന്തിൽ 13 റൺസാണ് സ്കോർ ചെയ്തത്. ഷമാർ ജോസഫിന്റെ 20–ാം ഓവറിലെ ആദ്യ പന്ത് ഡീപ് മിഡ്‍വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചാണ് പ്രിൻസ് തുടങ്ങിയത്.ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ പ്രിൻസ് യാദവിന്റെ അപ്രതീക്ഷിത ‘കത്തിക്കൽ’ ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തത്. പ്രിൻസ് യാദവിന്റെ ബാറ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പേസറായി ടീമിലെത്തിയ പ്രിൻസ് യാദവ് ആഭ്യന്തര ക്രിക്കറ്റിൽ ‍‍ഡൽഹിക്കു വേണ്ടിയും ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിലുമാണു കളിക്കുന്നത്. അഭിഷേക് ശർമയുടെ (30 പന്തിൽ 69) അർധ സെഞ്ചറി കരുത്തിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യ 14 റൺസ് വിജയമാണു സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സര ട്വന്റി20 പരമ്പരയിൽ ഇന്ത്യ 2–1നു മുൻപിലായി. ബുധനാഴ്ച ഹൈദരാബാദിലാണ് പരമ്പരയിലെ നാലാം മത്സരം. അവസാന ഓവർ വരെ ആവേശം അലയടിച്ച മത്സരത്തിൽ നിർണായക സമയങ്ങളിൽ 3 വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റിൻഡീസ് കുതിപ്പിനു കടിഞ്ഞാണിട്ട ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന്റെ പ്രകടനവും വിജയത്തിൽ നിർണായകമായി. അർഷ്ദീപാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഇന്ത്യ 20 ഓവറിൽ 223, വെസ്റ്റിൻഡീസ് 20 ഓവറിൽ 7ന് 209.നേരത്തേ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, വിൻഡീസ് ബോളിങ് കൊടുങ്കാറ്റിനു മുന്നിൽ ആടിയുലഞ്ഞപ്പോൾ പ്രതീക്ഷയുടെ ബാറ്റുയർത്തിയ അഭിഷേകിന്റെ പ്രകടനമാണ് പൊരുതാവുന്ന സ്കോർ നൽകിയത്. ഷമാർ ജോസഫ് എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തിൽ പുരാനു ക്യാച്ച് നൽകി ഓപ്പണർ സഞ്ജു സാംസൺ (6 പന്തിൽ 3) മടങ്ങുമ്പോൾ ഇന്ത്യയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 7 റൺസ് മാത്രം. എന്നാൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷനൊപ്പം (18 പന്തിൽ 37) അഭിഷേക് ഇന്ത്യയുടെ സ്കോറിങ് ടോപ് ഗീയറിലേക്കു മാറ്റി. 40 പന്തിൽ 108 റൺസ് നേടിയ ഇരുവരുടെയും പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ നൽകിയത്.


Auto ⏭️

Back to top button