NEWS

മിന്നൽ പ്രതിഷേധവുമായി ഐസ; പിടിവിട്ട് പൊലീസ്, മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ


ന്യൂഡൽഹി ∙ ഭാവി സമരപരിപാടികളെ കുറിച്ച് ഡൽഹിയിൽ സിജെപി നേതാക്കളുടെ പത്രസമ്മേളനം ആരംഭിച്ച സമയമാണ് കോണാട്ട് പ്ലേസ് ലക്ഷ്യമാക്കി വിദ്യാർഥി പ്രസ്ഥാനമായ ഐസ പ്രതിഷേധം ആരംഭിച്ചത്. ചെറിയ കൂട്ടമായിനിന്ന പ്രവർത്തകർ പൊടുന്നനെ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. ആർകെ ആശ്രം മാർഗിൽ വച്ചാണ് പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. പ്രതീക്ഷിച്ചതിലും കൂടുതൽപേർ ഐസയ്ക്കൊപ്പം ഉണ്ടെന്ന് മനസ്സിലാക്കി കൂടുതൽ സേന ഇവിടേക്ക് എത്തി. പിന്നാലെ പ്രകടനം നടത്തുന്നതിനു മുൻപേ സമരക്കാരെ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസ് ശ്രമിച്ചത്.മെട്രോ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങുമ്പോൾ തന്നെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നടപടിക്കിടെ മലയാളി മാധ്യമപ്രവർത്തകയും പൊലീസിന്റെ പിടിയിലായി. കണ്ണൂരിൽനിന്നുള്ള ഓൺലൈൻ മാധ്യമപ്രവർത്തകയും ക്യമറപഴ്സനുമാണ് കസ്റ്റഡിയിലായത്. മാധ്യമപ്രവർത്തകയാണെന്ന് പറഞ്ഞിട്ടും പൊലീസ് യുവതിയെ വിടാൻ തയാറായില്ല. ഐസയ്ക്ക് പിന്നാലെ എസ്എഫ്ഐയും കൊണാട്ട് പ്ലേസിലേക്ക് പ്രതിഷേധവുമായി എത്തുമെന്ന് വിവരംലഭിച്ചതോടെ മാധ്യമപ്രവർത്തകരും സ്ഥലത്തേക്ക് എത്തി. ഇതിനിടെ പൊലീസ് 20 ഓളം മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതും സംഘർഷത്തിനു കാരണമായി. ബലപ്രയോഗത്തിനിടെ ഒരു ഉദ്യോഗസ്ഥൻ സമരക്കാരെ ലാത്തികൊണ്ടു മർദിച്ചെന്നും ആരോപണമുണ്ട്. കോണാട്ട് പ്ലേസിൽ സംഘർഷം ഇപ്പോഴും തുടരുകയാണ്.


Fashion ⏭️

Back to top button