ചിക്കൻഗുനിയയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കും; വീടുകൾ തോറും പരിശോധനയെന്ന് ആരോഗ്യമന്ത്രി

കൊതുക്
തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരൻ. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ പോകുന്ന നിലവിലെ രീതി ഒഴിവാക്കി എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഫലപ്രദമായി തടയാൻ സാധിക്കും. ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള ആയുർവേദ ചികിത്സാരീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗ്ഗവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സീബ എസ്. ബാലകൃഷ്ണൻ, കൗൺസിലർമാരായ ആരോമൽ കെ. ജി, ദിനേഷ് കുമാർ, അനിത, ഡി.പി.എം ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ഡോ. ആനന്ദ് കെ. ജി തുടങ്ങിയവർ പങ്കെടുത്തു.




