NEWS

ഫ്ലാറ്റിൽ ജനാല തുറന്നിടാൻ പറ്റാത്ത സ്ഥിതി; മുംബൈയിൽ ഏറ്റവും ചൂടു കൂടിയ ഒക്ടോബർ: മലയാളികൾ ആശങ്കയിൽ


മുംബൈ ∙ കനത്ത ചൂടിൽ ജനജീവിതം ദുസ്സഹമായി. ഉഷ്ണതരംഗത്തെത്തുടർന്നു രാപകൽ വ്യത്യാസമില്ലാത്ത വലയുകയാണു ജനം. മുംബൈയിൽ 8 വർഷത്തിനിടയിലെ ഏറ്റവും ചൂടു കൂടിയ ഒക്ടോബർ മാസമാണിത്. തിങ്കളാഴ്ച വരെ ഉഷ്ണതരംഗം തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് ഏറെനേരം ശരീരത്തിൽ വെയിലേൽക്കരുതെന്നും സൂര്യാഘാത സാധ്യതയുണ്ടെന്നുമാണു മുന്നറിയിപ്പ്. മുംബൈയിൽ യെലോ അലർട്ടും ആരോഗ്യ വിഭാഗം പുറപ്പെടുവിച്ചിട്ടുണ്ട്.സാന്താക്രൂസ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം 37.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബോറിവ്‌ലി, താനെ എന്നിവിടങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. കടലിൽ നിന്നുള്ള തണുത്ത കാറ്റിന്റെ വരവു കുറഞ്ഞത് അസാധാരണ ചൂടിനു കാരണമാണ്. കാലവർഷം ഒക്ടോബർ മൂന്നോടെ പിന്മാറുകയും വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള വരണ്ട കാറ്റും കാരണം കൊങ്കൺ തീരത്തു കടൽക്കാറ്റ് ദുർബലമായി. ഇൗ മാസം 14 വരെ ഇതേസ്ഥിതി തുടരാനാണു സാധ്യതയെന്നു കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. എൽ നിനോ ശക്തമാകുന്നതിനാൽ ഒരാഴ്ച വരെ സ്ഥിതി തുടരും. എന്നാൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


Fashion ⏭️

Back to top button