HEALTH
കുട്ടികളിലെ അമിതവണ്ണം: ശസ്ത്രക്രിയയും മരുന്നുകളും വേണ്ടെന്ന് ലോകാരോഗ്യ സംഘടന

കുട്ടികളിലെ അമിതവണ്ണം ലോകം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികളുടെ വളർച്ചയെയും ശാരീരികാരോഗ്യത്തെയും മാത്രമല്ല, മാനസികാരോഗ്യത്തെയും സാമൂഹികജീവിതത്തെയും അമിതവണ്ണം ബാധിക്കാം. ഈ സാഹചര്യത്തിൽ കുട്ടികളിലെ അമിതവണ്ണം ചികിത്സിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒക്ടോബർ ഏഴിന് പുറത്തിറക്കിയ മാർഗനിർദേശമനുസരിച്ച്, പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതവണ്ണം ചികിത്സിക്കാൻ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളോ ബാരിയാട്രിക് ശസ്ത്രക്രിയയോ വണ്ണം നിയന്ത്രിക്കുന്ന ഉപകരണങ്ങളോ ശുപാർശ ചെയ്യുന്നില്ല.അമിതവണ്ണം തടയുന്നതിനു മാത്രമല്ല, ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് എങ്ങനെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാം എന്നതിനും മാർഗനിർദേശങ്ങൾ പ്രാധാന്യം നൽകുന്നു.പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ: ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായ ശാരീരികപ്രവർത്തനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. പൂജ്യം മുതൽ ഒൻപത് വയസ്സുവരെയുള്ള കുട്ടികളിൽ അമിതവണ്ണത്തിനായി മരുന്നുകൾ, ബാരിയാട്രിക് ശസ്ത്രക്രിയ, ശരീരഭാരം നിയന്ത്രിക്കുന്ന ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നാണ് മാർഗനിർദേശം.ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കുട്ടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സമഗ്രമായ ക്ഷേമത്തിനും പ്രാധാന്യം നൽകണം. കുട്ടിയുടെ പ്രായത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കണം. ഇതിൽ കുടുംബത്തിന്റെ പങ്കാളിത്തവും നിർണായകമാണ്.അമിതവണ്ണം സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല. ദീർഘകാലം നിലനിൽക്കുകയും വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതുമായ ഒരു രോഗാവസ്ഥയായാണ് ലോകാരോഗ്യ സംഘടന അമിതവണ്ണത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്തുതന്നെ ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കാം. അമിതവണ്ണമുള്ള കുട്ടികൾക്ക് പരിഹാസവും വിവേചനവും നേരിടേണ്ടിവരുന്നതും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം.കൗമാരക്കാർ ശ്രദ്ധിക്കേണ്ടത്: 10 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരുടെ കാര്യത്തിൽ ചില അധിക ചികിത്സാമാർഗങ്ങൾ പരിഗണിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ജീവിതശൈലീ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള ചികിത്സാപരിപാടിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ അംഗീകൃത അമിതവണ്ണ ചികിത്സാമരുന്നുകൾ പരിഗണിക്കാം. എന്നാൽ അമിതവണ്ണമുള്ള എല്ലാ കൗമാരക്കാർക്കും മരുന്നുകൾ നൽകണമെന്നല്ല ഇതിനർഥം.
Cinema ⏭️




