NEWS
ധ്രുവ് റാഠിയും അഭിജിത്തും താമസിക്കുന്നത് എവിടെ? ഹോട്ടലുകളിൽ കയറിയിറങ്ങി പൊലീസ്; സിജെപി ഇറങ്ങും മുന്നേ അതീവ ജാഗ്രത

ന്യൂഡൽഹി∙ ശനിയാഴ്ച നടക്കാനിരിക്കുന്ന സിജെപിയുടെ പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്തെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും വ്യാപക പരിശോധന ആരംഭിച്ച് ഡൽഹി പൊലീസ്. സംശയാസ്പദമായ രീതിയിൽ താമസിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഡൽഹിയിലെ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം ലഭിച്ചിട്ടുണ്ട്. താമസക്കാരുടെ വിവരങ്ങൾ അടങ്ങിയ റജിസ്റ്ററുകളും ലോഗ് ബുക്കുകളും പൊലീസ് സംഘം നേരിട്ടെത്തി പരിശോധിക്കുന്നുണ്ട്. ഒക്ടോബർ 8 നും 11 നും ഇടയിൽ മുറികൾ ബുക്ക് ചെയ്തവർ, വലിയ ഗ്രൂപ്പുകളായി എത്തിയവർ, പ്രത്യേകിച്ച് 20-30 പ്രായപരിധിയിലുള്ള യുവാക്കൾ എന്നിവരെയാണു പ്രധാനമായും നിരീക്ഷിക്കുന്നത്. മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത മുറികളിൽ താമസിക്കുന്നവരെയും കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചോദ്യം ചെയ്യുന്നുണ്ട്.പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ പ്രാദേശിക പൊലീസ് നിരീക്ഷിക്കുമ്പോൾ, സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തികളെ കണ്ടെത്താൻ സ്‌പെഷൽ സെൽ, ക്രൈംബ്രാഞ്ച് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എന്നിവർ എവിടെയാണ് താമസിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ഈ സംഘങ്ങളുടെ പ്രധാന ലക്ഷ്യം.
Fashion ⏭️




