HEALTH
അഞ്ചാം പനി വ്യാപനം; ന്യൂയോർക്കിൽ ദുരന്ത അടിയന്തരാവസ്ഥ | Measles Outbreak Triggers New York Emergency

ന്യൂയോർക്ക് : അഞ്ചാം പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിച്ചതിനെ തുടർന്ന് ന്യൂയോർക്കിൽ ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ടോബർ ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം 108 അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ രംഗത്ത് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ, 2025-ന് ശേഷം അമേരിക്കയിൽ അഞ്ചാം പനി രോഗവ്യാപനം ശക്തിപ്പെട്ടതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആദ്യത്തെ യു.എസ് സംസ്ഥാനമായി ന്യൂയോർക്ക് മാറി. ആരോഗ്യ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 92 എണ്ണവും കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വാക്സിനേഷൻ നിരക്ക് വളരെ കുറവുള്ള 18 കൗണ്ടികളിലെ ഗ്രാമീണ മേഖലകളിലാണ് രോഗവ്യാപനം കടുത്ത രീതിയിൽ ദൃശ്യമായിരിക്കുന്നത്. ആരോഗ്യ നിയമങ്ങളിൽ വരുത്തിയ ഇളവുകൾ പ്രകാരം പാരാമെഡിക്കൽ ജീവനക്കാർക്കും ഫാർമസിസ്റ്റുകൾക്കും മിഡ്വൈഫുമാർക്കും നേരിട്ട് അഞ്ചാം പനി വാക്സിൻ (MMR Vaccine) നൽകാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ലാബ് പരിശോധനകൾ നിർദേശിക്കാൻ നഴ്സുമാർക്കും പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. വാക്സിനുകളോടുള്ള വിമുഖത കാരണം കുട്ടികളിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന നിരക്ക് കുറഞ്ഞതാണ് രോഗം വീണ്ടും പടർന്നുപിടിക്കാൻ കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. രോഗം നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് ഈ അടിയന്തരാവസ്ഥ വരും ആഴ്ചകളിലും തുടരുമെന്നാണ് ആരോഗ്യ വിദഗ്ദർ സൂചിപ്പിക്കുന്നത്.
Life Style ⏭️




