NEWS

അന്ന് ഓമനച്ചേട്ടനെ കാണാൻ മകനെപ്പോലെ പല്ലാട്ടെ കുട്ടിയെത്തി; തുമ്പിക്കൈ ഉയർത്തി ബ്രഹ്മദത്തൻ,​ കണ്ണീർ രംഗം

1, ഓമനച്ചേട്ടന്റെ മൃതദേഹത്തിനരികിലെത്തിയ ബ്രഹ്മദത്തൻ തുമ്പിക്കൈ ഉയർത്തി ആദരാഞ്ജലി അർപ്പിക്കുന്ന ദൃശ്യങ്ങൾ, 2 ബ്രഹ്മദത്തൻ ചരിഞ്ഞപ്പോൾ ദുഃഖം അടക്കാനാവാതെ പാപ്പാൻ ശരത്.

പാലാ: പല്ലാട്ട് തറവാട്ടിലേക്ക് നടയമരങ്ങളൂന്നി ബ്രഹ്മദത്തൻ എത്തുമ്പോൾ അമ്മമനസ് ആ സ്പന്തനങ്ങളറിയും. പിന്നെ താൻ അവനായി കരുതിയ പലഹാരങ്ങളുമായി വീടിന്റെ പൂമുഖത്തേക്കെത്തും. മോനെ ബ്രഹ്മ എന്ന് നീട്ടിവിളിയിൽ സ്നേഹലാളനകൾ നിറയും. മാതൃസ്നേഹത്തിന് അതിരുകളില്ലെന്ന് കാട്ടിത്തരുന്ന കാഴ്ചകൾ….പല്ലാട്ടമ്മ എന്ന കെ.എൻ. കമലമ്മയുടെ ‘മകനാ’യിരുന്നു ബ്രഹ്മദത്തൻ. കമലമ്മയുടെ കണ്ണുകൾ ഇടയ്ക്കിടെ തിരയുന്നത് ഒരു വിളിപ്പാടകലെയുള്ള തറവാട്ടിലെ ആനക്കൊട്ടിലിലേക്കാണ്. അവിടെ ഇന്നലെ അമ്മയുടെ ബ്രഹ്മദത്തൻ അവിടെയുണ്ടായിരുന്നു. പക്ഷേ ഇന്ന് മഴ ബാക്കിവെച്ച കണ്ണീരും ബ്രഹ്മന്റെ ചലനമറ്റ ശരീരവും മാത്രം.

ബ്രഹ്മദത്തൻ പല്ലാട്ട് കുടുംബത്തിന് ഒരു ആനയായിരുന്നില്ല, പല്ലാട്ടമ്മയ്ക്ക് അവൻ അതിലുമപ്പുറമായിരുന്നു. വീട്ടിലെ ഒരാളായി, സ്വന്തം മകനെപ്പോലെ വർഷങ്ങളോളം അമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ ഗജവീരൻ. ആനയുടമ അഡ്വ.രാജേഷ് പല്ലാട്ടിന്റെ മാതാവ് കമലമ്മ.

ആനക്കൊട്ടിലിന്റെ ഭാഗത്തുനിന്ന് ബ്രഹ്മദത്തന്റെ ശബ്ദം കേൾക്കുമ്പോൾ പല്ലാട്ടമ്മയ്ക്ക് അത് മറ്റാരുടെയും ശബ്ദം പോലെ തോന്നിയിരുന്നില്ല. ”അത് എന്റെ ബ്രഹ്മദത്തനാണ്…” മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് വാക്കുകൾ വേണം. ചില ബന്ധങ്ങൾക്ക് പക്ഷേ വാക്കുകൾ വേണ്ട. ഒരു നോട്ടം മതി. അങ്ങനെയായിരുന്നു പല്ലാട്ടമ്മയും ബ്രഹ്മദത്തനും തമ്മിലുള്ള ബന്ധം. ഇനി അമ്മയിൽ നിന്നും മധുരപലഹാരം ഏറ്റുവാങ്ങാൻ ബ്രഹ്മദത്തനില്ല. അത് തറവാടിന്റെ മാത്രമല്ല ആനപ്രേമികളുടെയാകെ ഹൃദയനൊമ്പരമാണ്.

ഓമനച്ചേട്ടനുമായുള്ള ബന്ധം

ബ്രഹ്മദത്തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യായം ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ എന്ന ഓമനച്ചേട്ടനുമായുള്ള ബന്ധമാണ്. ഏകദേശം കാൽനൂറ്റാണ്ടോളം ബ്രഹ്മദത്തന്റെ ഒന്നാം പാപ്പാനായിരുന്നു ഓമനച്ചേട്ടൻ. തന്റെ മകനായി കണ്ടാണ് അദ്ദേഹം ആനയെ കൈകാര്യം ചെയ്തിരുന്നത്. അത് ആനയുടെ ശീലങ്ങളിലും പ്രതിഫലിച്ചു. ഇവരുടെ ഹൃദയബന്ധവും ഏറെ പ്രശസ്തമാണ്.

മറ്റൊരു ആനയുടെ ആക്രമണത്തിൽ നിന്ന് ഓമനച്ചേട്ടനെ രക്ഷിച്ചതും ബ്രഹ്മദത്തനാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഓമനച്ചേട്ടൻ ബ്രഹ്മദത്തനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു. എന്നാൽ ബ്രഹ്മദത്തന്റെ കഥയിലെ ഏറ്റവും ഹൃദയസ്പർശിയായ സംഭവവും ഓമനച്ചേട്ടന്റെ മരണമാണ്. മരണവാർത്ത അറിഞ്ഞ് പല്ലാട്ട് കുടുംബം ബ്രഹ്മദത്തനെ ളാക്കാട്ടൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു.

വീട്ടുതിണ്ണയിൽ കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തിനരികിലെത്തിയ ബ്രഹ്മദത്തൻ തുമ്പിക്കൈ ഉയർത്തി ആദരാഞ്ജലി അർപ്പിച്ചത് ഹൃദയസ്പർശിയായ കാഴ്ചയായിരുന്നു.

ഒഴുകിയെത്തിയത് ആയിരങ്ങൾ

ബ്രഹ്മദത്തൻ ചെരിഞ്ഞതറിഞ്ഞ് നിരവധിയാളുകൾ മേലമ്പാറയിലെ പല്ലാട്ട് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പല്ലാട്ട് കുടുംബത്തിന് ബ്രഹ്മദത്തൻ ഒരു സ്വത്തായിരുന്നില്ല. അവൻ കുടുംബത്തിലെ ഒരാളായിരുന്നു. അവന്റെ ഭക്ഷണവും പരിചരണവും ആരോഗ്യവും യാത്രകളും ഉത്സവങ്ങളും എല്ലാം കുടുംബത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ബ്രഹ്മൻ ഉത്സവകേരളത്തെ വിട്ടുപിരിഞ്ഞെന്ന വാർത്ത ആദ്യം വിശ്വസിക്കാനായില്ല. ദൂരദേശങ്ങളിൽ നിന്നുപോലും ആനപ്രേമികൾ എത്തുന്നുണ്ട്.

English Summary

Pallattu Brahmadhathan, a revered elephant known for his profound bonds, passed away in Pala, Kerala. He was considered a son by owner’s mother K.N. Kamalamma and shared a quarter-century relationship with his mahout, Omana Chettan, whose body Brahmadhathan famously saluted with his trunk. His demise has deeply saddened numerous elephant enthusiasts across the region.
RELATED TOPICS: BRAHMADATHAN ELEPHANT, OMANACHETTAN, PALLATTE KUTTY, KERALA ELEPHANT NEWS, EMOTIONAL ELEPHANT REUNION

Read News ⏭️

Back to top button