NEWS

തലസ്ഥാന നഗരസഭയിൽ കലഹനാടകം,​ രാജിയിൽ തൂങ്ങി ശ്രീലേഖ

നഗരസഭാ ഭരണം തുലാസിൽ
അനുനയത്തിന് ബി.ജെ.പി

തിരുവനന്തപുരം: ബി.ജെ.പി സ്ഥിരമായി പറ്റിക്കുന്നെന്ന് ആക്ഷേപമുള്ള മുൻ ഡി.ജി.പി ആർ.ശ്രീലേഖ തിരുവനന്തപുരം നഗരസഭ കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ച് പാർട്ടിയെ വെട്ടിലാക്കി. സ്വതന്ത്രന്റെ പിന്തുണയിലാണ് ബി.ജെ.പിയുടെ നഗരസഭാഭരണം. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമവും അതിനിടെ തുടങ്ങി.

സെപ്തംബർ 30ന് മേയർക്ക് രാജിക്കത്ത് കൈമാറി. നാളെ കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും നൽകുമെന്നാണ് വാർഡിലെ വോട്ടർമാർക്കുള്ള വാട്സ്ആപ്പ് സന്ദേശത്തിൽ ശ്രീലേഖ അറിയിച്ചത്. കാരണം വ്യക്തിപരമെന്നും പറയുന്നുണ്ട്. ഈ സന്ദേശം പിന്നീട് പിൻവലിച്ചു.

101 അംഗ നഗരസഭയിൽ 50 സീറ്റാണ് ബി.ജെ.പിക്ക്. ഇതിൽ ആ‌ർ.സുഗതൻ കാപ്പ കേസിൽ ജയിലിലാണ്. ശ്രീലേഖ രാജിവച്ചാൽ, കാത്തിരുന്ന് കിട്ടിയ തലസ്ഥാനഭരണം പ്രതിസന്ധിയിലാകും. അവിശ്വാസം വന്നാൽ പെടും. ഇടതുമുന്നണിക്ക് 29, യു.ഡി.എഫിന് 20 സീറ്റുകളുണ്ട്. സ്വതന്ത്രരാണ് മറ്റ് രണ്ടുപേർ.

സംസ്ഥാനത്തെ ആദ്യ വനിത ഡി.ജിപിയായ ശ്രീലേഖയ്ക്ക് മേയർ സ്ഥാനം വാഗ്ദ്ധാനം ചെയ്താണ് ശാസ്തമംഗലത്ത് മത്സരിപ്പിച്ചത്. ഭരണം കിട്ടിയപ്പോൾ വി.വി.രാജേഷ് മേയറായി. പിന്നീട് വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ മത്സരിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിപ്പോയി. പാർട്ടി വോട്ടുകൾ കിട്ടിയില്ലെന്ന് ശ്രീലേഖ അന്ന് ആക്ഷേപമുന്നയിച്ചിരുന്നു. ഒടുവിൽ,​ ദേശീയ വനിതാ കമ്മിഷൻ അംഗമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. മതിയായെന്ന നിലപാടിലാണ് ശ്രീലേഖ. സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. രാജിവച്ചാൽ ആറു മാസത്തിനകം പാർട്ടിക്ക് ഉപതിരഞ്ഞെടുപ്പും നേരിടേണ്ടി വരും.

രാജിക്കത്ത് സെക്രട്ടറിക്ക്

നൽകും മുമ്പ്…

നഗരസഭ സെക്രട്ടറിക്കാണ് കൗൺസിലർമാർ രാജിക്കത്ത് നൽകേണ്ടത്. ശ്രീലേഖ ഇതു ചെയ്യാത്തതാണ് ബി.ജെ.പിയുടെ പിടിവള്ളി. പാർട്ടി കേന്ദ്ര,​ സംസ്ഥാന നേതാക്കളും മേയറും അനുനയനീക്കവുമായുണ്ട്. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ നിന്ന് ഫോണിൽ സംസാരിച്ച് പ്രശ്നപരിഹാര ശ്രമം തുടങ്ങി. നാളെ തിരുവനന്തപുരത്തെത്തി ചർച്ച നടത്തും. അതിൽ ഒത്തുതീർപ്പാകുമെന്നാണ് പ്രതീക്ഷ. രാജീവ് വിളിച്ചതിനു പിന്നാലെയാണ്​ രാജി വാർത്ത അറിയിച്ചുള്ള വാട്സ് ആപ്പ് സന്ദേശം ശ്രീലേഖ പിൻവലിച്ചത്. കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹവും ഇതിനിടെ പുറത്തുവന്നു.

കോർപ്പറേഷൻ ഭരണത്തിൽ ബി.ജെ.പിക്ക് പ്രതിസന്ധിയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാണ് ശ്രീലേഖ പറയുന്നത്. അത് പാർട്ടി ഇടപെട്ട് പരിഹരിക്കും.

-മേയർ വി.വി.രാജേഷ്

Read News ⏭️

Back to top button