NEWS
സ്മിത് മച്ഛാർ യഥാർഥ ഹീറോയെന്ന് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണം – വിഡിയോ

ടെൽ അവീവ്: ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ഛാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ശനിയാഴ്ച ക്യാപ്റ്റൻ സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ‘യഥാർഥ ഹീറോ’ എന്ന് വിശേഷിപ്പിച്ചു. വീരോചിതമായ രക്ഷാപ്രവർത്തനത്തെ ആദരിച്ചുകൊണ്ട്, അടുത്ത ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ ക്യാപ്റ്റൻ സ്മിത് മച്ഛാർ നെതന്യാഹുവുമായി പങ്കുവച്ചു. മറ്റൊരു ‘സെപ്റ്റംബർ 11’ ദുരന്തമാണ് ക്യാപ്റ്റൻ സ്മിത്തിന്റെ അസാധാരണമായ ധീരതയിലൂടെ ഒഴിവായതെന്ന് നെതന്യാഹു പറഞ്ഞു. അതിസാഹസികമായ സാഹചര്യത്തിലും തികഞ്ഞ ആത്മസംയമനം പാലിച്ച സ്മിത്തിന്റെ ധീരതയിൽ താൻ അത്ഭുതപ്പെട്ടുപോയെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹുവും ഭാര്യയും ആശംസിച്ചു. കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ആശുപത്രിയിലെത്തി സ്മിത്തിനെ സന്ദർശിച്ചിരുന്നു.
Fashion ⏭️




