NEWS
ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ച നിലയിൽ

ഛണ്ഡിഗഡ് ∙ പഞ്ചാബിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റ് മരിച്ചു. അമൃത്സറിൽ വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇയാൾ റോഡിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സിരിവെന്നെല അറിയിച്ചു. പഞ്ചാബി, മുംബൈ സിനിമാ മേഖലകളിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും കരിയർ ആരംഭിച്ച സന്ധു, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് ജനപ്രീതി നേടിയത്. ഫാഷൻ, ലിംഗസമത്വം, എൽജിബിടിക്യു പ്ലസ് അവകാശങ്ങൾ എന്നിവയെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന സന്ധുവിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ഹോമോഫോബിക് അധിക്ഷേപങ്ങളും ഉണ്ടായിരുന്നെങ്കിലും, താനൊരു സ്വവർഗാനുരാഗി ആണെന്ന കാര്യം അദ്ദേഹം മറച്ചുവച്ചിരുന്നില്ല.
Fashion ⏭️



