NEWS
ഗുവാഹത്തിയിലെ ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

ഗുവാഹത്തി ∙ അസമിലെ ഗുവാഹത്തിയിൽ ബാറിലെ ജീവനക്കാർ ചേർന്ന് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ഖാനാപ്പാറ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ബാറിലായിരുന്നു സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാർ അധികൃതർ ബാർ പൂട്ടി ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാർ മാനേജർ ജസ്റ്റിൻ ഡി അറെങ്, ഇവന്റ് മാനേജർ നെകിബുർ സമാൻ സർക്കാർ, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ് ജുമ്പാ സിൻഹ, ഉഷാ ദേവി, മഞ്ജു ദാസ്, ഗൗരവ് മഹന്ത, ഡിനോ സോന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ആകെ 10 പേർക്ക് പങ്കുണ്ടെന്നും ഒളിവിൽ പോയ ബാക്കി മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഡിസ്പുർ പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് ഭാസ്കർ മല്ല പടോവാരി പറഞ്ഞു. കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ വീണുകിടക്കുന്ന യുവതിയെ രണ്ട് സ്ത്രീകൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി പൊലീസ് ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണ്.
Fashion ⏭️




