NEWS

തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധി, അനുകൂല സാഹചര്യം വന്നാൽ ഉപയോഗിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: ആർ.ശ്രീലേഖ രാജി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരസഭയിൽ ഭരണ പ്രതിസന്ധിയുണ്ടെന്നും അനുകൂല സാഹചര്യം വന്നാൽ സി.പി.എം ഉപയോഗിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിയെ നിലനിറുത്തേണ്ട നിർബന്ധം സി.പി.എമ്മിനില്ല. ശ്രീലേഖയ്ക്ക് കൃത്യമായ രാഷ്ട്രീയം ഇല്ല. ഓഫറുകളിൽപ്പെട്ട് രാഷ്ട്രീയത്തിൽ വരുന്നവരാണ്. ഇത് പൊളിറ്റിക്സ് അല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ശ്രീലേഖയുടെ രാജി പൂ‌ർണമാകണമെങ്കിൽ നഗരസഭാ സെക്രട്ടറിക്ക് കൈമാറണം. ചെയർമാന് രാജി നൽകിയെന്നാണ് പറയുന്നത്. രാജി വയ്ക്കാനുള്ള കാരണം അവരാണ് പറയേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയുമായി പ്രത്യേക ബന്ധമുള്ളയാളല്ല അവർ. ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നപ്പോൾ മേയർ ആകുമെന്നായിരുന്നു ആദ്യത്തെ ധാരണ. പിന്നീട് കേന്ദ്ര ഭരണ സംവിധാനത്തിന്റെ ഭാഗമാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. അവരുടെ രാജി ബി.ജെ.പിക്ക് അകത്തുള്ള വിഷയമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അതേസമയം മേയർ വി.വി. രാജേഷിന് സെപ്തംബർ 30നാണ് ശ്രീലേഖ രാജിക്കത്ത് നൽകിയത്. ജില്ലാ കളക്ടർക്കും ഉടൻ വിവരം കൈമാറും. ബി.ജെ.പി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. ശ്രീലേഖയുടെ രാജി സ്വീകരിച്ചാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങും. കാപ്പ കേസിൽ ബി.ജെ.പി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബി.ജെ.പി കോർപ്പറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് ബി.ജെ.പിയെ ഞെട്ടിച്ച് ശ്രീലേഖയുടെ രാജി.

English Summary

R. Sreelekha resigned from Thiruvananthapuram Corporation, prompting CPM State Secretary M.V. Govindan to declare an administrative crisis and potential utilization of the situation. While Sreelekha cited private reasons, reports suggest BJP leadership discontent. Her resignation reduces BJP’s strength, further destabilizing their independent-supported council rule, already affected by another councillor’s jailing.
RELATED TOPICS: MV GOVINDAN, CPM, R SREELEKHA RESIGNATION, RAREELEKHA, BJP, TVM CORPORATION

Read News ⏭️

Back to top button