BUSINESS

ആന്ധ്രയിൽ വമ്പൻ ദൗത്യവുമായി കിറ്റെക്സ്; നാരാ ലോകേഷിന്റെ ‘സ്വപ്ന പദ്ധതിയുടെ’ നെടുംതൂണാകും, 10,000 കോടി ഫണ്ടിങ്, 2 ലക്ഷം പേർക്ക് തൊഴിൽ


കൊച്ചി ∙ സാബു എം.ജേക്കബ് നയിക്കുന്ന കിറ്റെക്സ് ഗാർമെന്റ്സ് നിക്ഷേപത്തിനപ്പുറം പുതുപുത്തൻ ദൗത്യവുമായി ആന്ധ്രപ്രദേശിലേക്ക്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും ഐടി, ഇലക്ട്രോണിക്സ് മന്ത്രിയുമായ നാരാ ലോകേഷിന്റെ ‘സ്വപ്ന പദ്ധതി’യുടെ നെടുംതൂണാകാനാണ് കിറ്റെക്സിന് ക്ഷണം. ഇതിന്റെ ഭാഗമായി കിറ്റെക്സ് ആന്ധ്രയിൽ 2000 ഏക്കറിൽ ലോകത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കും. 10000 കോടി കേന്ദ്ര ഫണ്ടിങ്ങോടെ വരുന്ന പദ്ധതിയിൽ 2 ലക്ഷം പേർക്കാണു തൊഴിൽ വിഭാവനം ചെയ്യുന്നത്. അതിൽ 95% പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വനിതകളായിരിക്കും. തെലങ്കാനയിൽ വസ്ത്ര നിർമാണ ഫാക്ടറി വിജയകരമായി നടത്തുന്നതു കണ്ടാണ് കിറ്റെക്സിനെ ആന്ധ്രയിലേക്കു ക്ഷണിച്ചിരിക്കുന്നത്. നാരാ ലോകേഷും വ്യവസായ മന്ത്രി ടി.ജി.ഭരതും ഉന്നത ഉദ്യോഗസ്ഥരും കിറ്റെക്സ് എംഡി സാബു എം.ജേക്കബുമായി കഴി‍ഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്ര സർക്കാർ നൽകുന്ന സ്ഥലത്ത് ടെക്സ്റ്റൈൽ പാർക്ക് രൂപകൽപനയും നിർമാണവും അടിസ്ഥാന സൗകര്യം ഒരുക്കലും നിക്ഷേപകരെ കൊണ്ടുവരലും കിറ്റെക്സിന്റെ ചുമതലയായിരിക്കും. ഏറ്റവും കൂടുതൽ കോട്ടൺ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണെങ്കിലും അതു കൂടുതലും ഗുജറാത്തിലേക്കാണു പോകുന്നത്. അതിനു പകരം കോട്ടൺ വസ്ത്ര നിർമാണം നാട്ടിൽ തന്നെ നടത്തുകയാണ് ആന്ധ്ര സർക്കാരിന്റെ ലക്ഷ്യം. 2 ലക്ഷം തൊഴിലവസരം സൃഷ്ടിക്കണമെങ്കിൽ കുറ‍ഞ്ഞത് 50000 കോടിയുടെ നിക്ഷേപം വേണ്ടി വരുമെന്നാണു കരുതപ്പെടുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. നിലവിൽ തെലങ്കാനയിലെ വാറങ്കലിലാണ് കിറ്റെക്സിന്റെ ഫാക്ടറി. പുറമേ ഹൈദരാബാദിലും ഫാക്ടറി നിർമിക്കുന്നുണ്ട്. ആന്ധ്രയിലെ തെലുങ്ക് ദേശം പാർട്ടി നേതാക്കളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും കിറ്റെക്സിന്റെ ഫാക്ടറികൾ സന്ദർശിക്കാനെത്തും. നാരാ ലോകേഷിന്റെ മണ്ഡലത്തിൽ കിഴക്കമ്പലത്തുള്ളതു പോലെ 50% കിഴിവ്നൽകുന്ന ഭക്ഷ്യ സുരക്ഷാ വിപണി സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ‘‘സ്വന്തം നാട്ടിൽ നിന്നു പുറത്താക്കിയതു കൊണ്ടാണ് തെലങ്കാനയിലേക്കു പോകേണ്ടി വന്നത്. അവിടത്തെ ഫാക്ടറി കണ്ടിട്ട് ആന്ധ്രയും ആവശ്യപ്പെടുന്നു. മറ്റൊരു സംസ്ഥാനത്തു പോയി സ്വന്തം കഴിവുകളും അനുഭവ സമ്പത്തും ഉപയോഗിക്കേണ്ട ഗതികേട് മലയാളി സംരംഭകർക്കു മാത്രമുള്ളതാണ്’’ – സാബു എം.ജേക്കബ് പറഞ്ഞു. ആന്ധ്ര ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി എസ്.സവിത മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെത്തി സാബു എം. ജേക്കബുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു, ആന്ധ്രയിലേക്ക് നിക്ഷേപത്തിനായി ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ താരിഫ് യുദ്ധമുൾപ്പെടെ ഉണ്ടായതിനാൽ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്ന് കിറ്റെക്സ് തൽക്കാലം വിട്ടുനിൽക്കുകയായിരുന്നെന്ന് സാബു ജേക്കബ് പറഞ്ഞു.


Travel ⏭️

Back to top button