NEWS

കുടുംബശ്രീ ജനകീയ ഹോട്ടല്‍: വെള്ളരിച്ചോറിനു വില കൂട്ടി; ഊണിന് 40 രൂപ; പാർസൽ ഊണിന് 45


ചെറുപുഴ∙ വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി വെള്ളരിച്ചോറിനു വില വർധിപ്പിച്ചു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെ തുടർന്നു പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് തീരുമാനം ആശ്വാസമായി. ജില്ലാ ആസൂത്രണ സമിതിയാണു കഴിഞ്ഞ ദിവസം വെള്ളരിച്ചോറിനു പുതിയ നിരക്ക് പ്രഖ്യാപിച്ചത്.പുതിയ നിരക്ക് പ്രകാരം ഹോട്ടലിൽ ഇരുന്നു കഴിക്കുന്ന ഊണിനു (ഊണ്, രണ്ടു കറി, തോരൻ, അച്ചാർ) 40 രൂപയായിരിക്കും വില. പാർസൽ ഊണിനു ഉപഭോക്താക്കൾ 45 രൂപ നൽകണം. എൽപിജി സിലണ്ടറിന്റെയും പച്ചക്കറിയുടെയും മറ്റും വില കുത്തനെ വർധിച്ചത് കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെത്തുടർന്നു വിലവർധനയെക്കുറിച്ചു പഠിക്കാൻ ഡിപിസി ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 17ന് സബ് കമ്മിറ്റി യോഗം ചേർന്ന് ഊണിനു 42 രൂപയും, പാർസലിനു 45 രൂപയും ആയി വില വർധിപ്പിക്കാൻ ശുപാർശ നൽകി.യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ നൽകി വന്നിരുന്ന അരിയുടെ വിതരണം നിർത്തിവച്ചു. തുടർന്നു കുറച്ചു നാളുകൾകൂടി 30 രൂപയ്ക്ക് വെള്ളരിച്ചോറ് വിതരണം തുടർന്നുവെങ്കിലും സാമ്പത്തികബാധ്യത വർധിച്ചതോടെ, ജനകീയ ഹോട്ടലുകളിൽ വെള്ളരിച്ചോറ് വിതരണം നിർത്തിവയ്ക്കുകയും 50 രൂപയ്ക്ക് കുത്തരിച്ചോറ് മാത്രം നൽകുകയുമായിരുന്നു. മൂന്നര മാസത്തിനു ശേഷമാണിപ്പോൾ കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ വെള്ളരിച്ചോറ് തിരിച്ചെത്തുന്നത്.


Fashion ⏭️

Back to top button