NEWS
എംസി റോഡിലെയും വാഴൂർ റോഡിലെയും കെണി; പൊലിഞ്ഞത് 2 ജീവനുകൾ: രാത്രി അപകട പരമ്പര

ചങ്ങനാശേരി ∙ മണിക്കൂറുകളുടെ ഇടവേളയിൽ രാത്രി, ചങ്ങനാശേരിയിൽ നടന്ന രണ്ട് അപകടങ്ങളിലായി പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവൻ. എംസി റോഡിൽ പാലാത്ര ഭാഗത്തു ബൈക്കുകൾ കൂട്ടിയിടിച്ച് തടിലോറിക്കടിയിൽപെട്ട് മരിച്ച ആലപ്പുഴ സ്വദേശി ഋഷികേശിന്റെ (21) മരണവും വാഴൂർ റോഡിൽ കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനായ കുറിച്ചി സ്വദേശി അഖിൽ എസ്.നായരുടെ (30) മരണവും നാടിനെ നടുക്കി. അഖിലിന്റെ വേർപാടോടെ നിർധന കുടുംബം ദുരിതത്തിലായി.രാത്രി അപകട പരമ്പര ∙ രാത്രിയും പുലർച്ചെയുമായി ചങ്ങനാശേരിയിൽ സംഭവിക്കുന്നത് അപകടങ്ങളുടെ പരമ്പരയാണ്. അശാസ്ത്രീയമായ റോഡ് നിർമാണം, വഴിവിളക്കുകളുടെയും സുരക്ഷാ മുന്നറിയിപ്പുകളുടെയും അഭാവം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ അപകടങ്ങളിലേക്കു തള്ളിവിടുന്നു. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും പതിവാണ്. അപകടങ്ങൾ തടയാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങളോ നടപടികളോ റോഡിന്റെ ചുമതലയുള്ള വകുപ്പുകളുടെ ഭാഗത്തു നിന്നോ പൊലീസിന്റെ ഭാഗത്തു നിന്നോ ഉണ്ടാകുന്നില്ല.
Fashion ⏭️




