NEWS

27ൽ എസ്എഫ്ഐ, 15ൽ കെഎസ്‌യു; സെന്റ് ഡൊമിനിക്‌സിൽ സംഘർഷം, തിരഞ്ഞെടുപ്പ് മരവിപ്പിച്ചു


കോട്ടയം ∙ എംജി സർവകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. കെഎസ്‌യു പ്രവർത്തകരുടെ പരാതിയെത്തുടർന്നു തിരഞ്ഞെടുപ്പ് മരവിപ്പിച്ചു. കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാംപസിലെ വസ്തുക്കൾക്കും നാശമുണ്ടായി.ക്ലാസ് തല തിരഞ്ഞെടുപ്പിനു ശേഷം 14 ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനു  പത്രിക നൽകുന്നതിലെ തർക്കമാണ് സംഘർ‍ഷത്തിൽ  കലാശിച്ചത്. നിശ്ചിത സമയത്ത് കെഎസ്‌യു പ്രവർത്തകർ  എത്താതിരുന്നതോടെ ഇവരുടെ പത്രിക സ്വീകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. പരാതിയെത്തുടർന്നു നടപടികൾ നിർത്തിവയ്ക്കാൻ 4ന് സർവകലാശാലയിൽനിന്ന് അറിയിപ്പു ലഭിച്ചെന്നും കോളജ് അധികൃതർ പറഞ്ഞു. പത്രിക നൽകാൻ എത്തിയ തങ്ങളെ വരണാധികാരിയുടെ മുന്നിൽ എത്താതെ എസ്എഫ്ഐ തടഞ്ഞതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്നു കെഎസ്‌‌യു ആരോപിച്ചു. എസ്എഫ്ഐയുടെ വിജയം ഉറപ്പായിരിക്കെ സംഘർഷമുണ്ടാക്കി തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നീക്കമാണ് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു.കഴിഞ്ഞ വർഷം കെഎസ്‌യു പിടിച്ചെടുത്ത കോട്ടയം സിഎംഎസ് കോളജിൽ ഒന്നൊഴികെ സീറ്റുകൾ നേടി തിരിച്ചുവരവ് നടത്തിയതായി എസ്എഫ്ഐ പറഞ്ഞു. 18 കോളജുകളിൽ എതിരില്ലാതെയാണു ജയം. അരുവിത്തുറ സെന്റ് ജോർജ്, മുരിക്കുംവയൽ ശ്രീശബരീശ, കാണക്കാരി സിഎസ്ഐ ലോ കോളജ്, ഏറ്റുമാനൂർ ബിഎഡ് കോളജ്, മേലുകാവ് ഹെൻറി ബേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ സീറ്റും നേടിയതായി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസ്‌ലം മുഹമ്മദ് കാസിം, സെക്രട്ടറി രാഹുൽ രാജേന്ദ്രൻ എന്നിവർ പറഞ്ഞു.


Fashion ⏭️

Back to top button