NEWS

‘അസത്യം, ഞാൻ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല’: ഇറാന് ഉപരോധ ഇളവുകളില്ലെന്ന് ഡോണൾഡ് ട്രംപ്


വാഷിങ്ടൻ ∙ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടയിൽ, ഇറാനെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്താൻ താൻ തയാറാണെന്ന മാധ്യമ റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായി നിഷേധിച്ചു. ഇറാന്റെ പക്കൽ നിന്ന് യാതൊരു ഉറപ്പും ലഭിക്കാതെ ഉപരോധങ്ങൾ നീക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകാനും ഉപരോധങ്ങളിൽ ഇളവ് നൽകാനും ട്രംപ് ആലോചിക്കുന്നതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു വാർത്ത. തൊട്ടുപിന്നാലെ സിഎൻഎൻ ചാനലും സമാനമായ വാർത്ത പുറത്തുവിട്ടു. ഇതിനു തൊട്ടുപിന്നാലെ, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് വാർത്തകൾ പൂർണമായും തള്ളി രംഗത്തെത്തിയത്.‘‘ഇറാന് ഉപരോധ ഇളവുകൾ ട്രംപ് വാഗ്ദാനം ചെയ്തുവെന്ന ആക്സിയോസിന്റെ റിപ്പോർട്ട് തികച്ചും അസത്യമാണ്. ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. മറ്റെല്ലാ വാർത്തകളെയും പോലെ ആക്സിയോസിന്റെ ഈ റിപ്പോർട്ടും തികച്ചും വ്യാജമാണ്. വ്യാജ വാർത്ത അവർ ഉടൻ പിൻവലിക്കണം’’ – ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവച്ച ഏറ്റവും പുതിയ നിർദേശങ്ങൾ ‘അംഗീകരിക്കാൻ കഴിയാത്തത്’ എന്ന് പറഞ്ഞ് ട്രംപ് കഴിഞ്ഞ ശനിയാഴ്ച നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപരോധ ഇളവുകളെ കുറിച്ചുള്ള വാർത്തകളും അദ്ദേഹം നിഷേധിക്കുന്നത്.


Fashion ⏭️

Back to top button