NEWS

‘കുഞ്ഞേ…നിന്റെ കുട്ടിക്കാലും തിരിച്ചു തരാനാകില്ല; പക്ഷേ അയാളിനി പുറംലോകം കാണില്ല’: അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി


ന്യൂഡൽഹി∙ പത്തു വയസ്സുകാരിയായ അതിജീവിതയ്ക്ക് വികാരനിർഭര കുറിപ്പുമായി വിചാരണക്കോടതി ജഡ്ജി. ഏഴാം വയസ്സിൽ പീഡനത്തിന് ഇരയായ, ഇപ്പോൾ പത്തു വയസ്സുള്ള പെൺകുട്ടിക്കാണ് രോഹിണി അഡീഷനൽ സെഷൻഷ് കോടതി ജഡ്ജി രജന രംഗ കത്തയച്ചത്. കേസിലെ പ്രതിയായ സുമിത് ഷാക്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് അതിജീവിതയ്ക്ക് നൽകാനായി ഒരു സന്ദേശവും ജഡ്ജി തയാറാക്കിയത്.‘കുഞ്ഞേ നിന്റെ വാക്കുകൾ ഈ കോടതി കേട്ടു’ എന്നാണ് സന്ദേശം തുടങ്ങുന്നത്. ‘നീ അങ്കിൾ എന്നു വിളിച്ചിരുന്ന അയാൾ വയസ്സാകും വരെ ജയിലിൽ കിടക്കണമെന്ന് നീ പറഞ്ഞിരുന്നല്ലോ. നിന്റെ ആ വാക്കുകൾക്ക് കോടതി മറുപടി നൽകിയിരിക്കുന്നു. നീ ‘അങ്കിൽ’ എന്നു വിളിച്ചയാൾ ഇനി സ്വതന്ത്രമായി ഇറങ്ങി നടക്കാതിരിക്കാനുള്ള വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നു. ശിഷ്ടകാലം അയാളിനി ജയിലിലായിരിക്കും. അയാൾ ആ തടവയ്ക്കുള്ളിൽ വയസ്സാകുകയും അവിടെ കിടന്ന് മരിക്കുകയും ചെയ്യും. നിന്നെയോ നിന്റെ കുഞ്ഞ് അനുജത്തിയേയോ, മറ്റേതെങ്കിലും കുട്ടിയേയോ ഇനി ഒരിക്കലും അയാൾ ഉപദ്രവിക്കില്ല. 2023 ജൂലൈ 23നാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അന്ന് ഏഴു വയസ്സായിരുന്നു പ്രായം. മൂന്നു വർഷത്തിനിപ്പുറം മേയ് 20ന് പ്രതിയെ പോക്സോ നിയമപ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിക്കവേയാണ് പെൺകുട്ടിക്ക് ഈ സന്ദേശവും വിചാരണക്കോടതി ജഡ്ജി രജന രംഗ തയാറാക്കിയത്. ശിക്ഷയ്ക്കെതിരെ അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫൊറെൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ ബലത്തിൽ പ്രതിയുടെ ശിക്ഷ ശരിവയ്ക്കുകയും ജാമ്യം നിഷേധിക്കുകയുമായിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കത്തും നഷ്ടപരിഹാര തുകയായ 10.50 ലക്ഷം രൂപയും രണ്ടാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് കൈമാറാൻ നോർത്ത്-വെസ്റ്റ് ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചു. ‘പെൺകുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്ന സന്ദേശം’ എന്നു വിശേഷിപ്പിച്ചാണ് ഡൽഹി ഹൈക്കോടതി ഈ സന്ദേശം കൈമാറാൻ ഉത്തരവിട്ടത്.


Fashion ⏭️

Back to top button