NEWS

തിരുവോണം ബംപറിനും മേലേ!; 1400 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ?, ഉത്തരം തേടി അധികൃതർ


ലണ്ടൻ ∙ കേരളത്തിൽ 30 കോടി രൂപയുടെ തിരുവോണം ബംപർ ഭാഗ്യവാനെ തേടുന്ന വാർത്തയ്ക്കിടെ സമാനമായൊരു ആകാംക്ഷയാണ് ബ്രിട്ടനിലും. എന്നാൽ ഇവിടെ തേടുന്നത് 1400 കോടിയിലേറെ ഇന്ത്യൻ രൂപയുടെ യൂറോ മില്യൻസ് ജാക്ക്പോട്ട് നേടിയ ഭാഗ്യവാനെയാണ്. സെപ്റ്റംബർ 25ന് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് യുകെയിലാണ് വിറ്റത്. എന്നാൽ ടിക്കറ്റ് ഉടമ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. 111.709 മില്യൻ പൗണ്ട്, അതായത് ഏകദേശം 1400 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ലഭിച്ച ജാക്ക്പോട്ട്. നറുക്കെടുപ്പിൽ 11, 12, 15, 38, 49 എന്നീ നമ്പറുകളും 10, 12 എന്നീ ലക്കി സ്റ്റാർ നമ്പറുകളുമാണ് ഒന്നാം സമ്മാനം നേടിയത്. ഈ നമ്പറുകളെല്ലാം കൃത്യമായി ഒത്തുവന്ന ഒരേയൊരു ടിക്കറ്റിനാണ് ജാക്ക്പോട്ട് ലഭിച്ചത്.യുകെയിൽ വിറ്റ ഈ ടിക്കറ്റ് ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാഷനൽ ലോട്ടറി അധികൃതർ. വിജയിയായ വ്യക്തി ടിക്കറ്റ് പരിശോധിച്ച് സമ്മാനം അവകാശപ്പെടണമെന്ന അഭ്യർഥനയും അധികൃതർ നടത്തിയിട്ടുണ്ട്. വിജയി ഇതിനകം സമ്മാനം അവകാശപ്പെട്ടതായി സ്ഥിരീകരിച്ച വിവരമില്ല. അതിനാൽ 111.709 മില്യൻ പൗണ്ടിന്റെ ടിക്കറ്റ് കൈവശമുള്ള ആ ഭാഗ്യവാൻ ആരാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. യൂറോ മില്യൻസ് ജാക്ക്പോട്ട് ലഭിച്ച ടിക്കറ്റ് ഉടമയ്ക്ക് സമ്മാനം അവകാശപ്പെടാൻ നിശ്ചിത സമയപരിധിയുണ്ട്. അതിനുള്ളിൽ വിജയി മുന്നോട്ടുവന്നാൽ മാത്രമേ ഭാഗ്യവാന്റെ തിരിച്ചറിയൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. വിജയികൾക്ക് സ്വന്തം പേര് പരസ്യപ്പെടുത്തേണ്ട നിർബന്ധവുമില്ലാത്തതിനാൽ, സമ്മാനം നേടിയ ശേഷവും പലരും സ്വകാര്യത പാലിക്കാറുണ്ട്.


Fashion ⏭️

Back to top button