NEWS
ഇന്ന് ലക്ഷ്മിപ്രിയയ്ക്ക് ഒരു പ്രശ്നവും ഉണ്ടായില്ലെങ്കിൽ നാളെ ഒരുപാട് സ്ത്രീകളാകും കണ്ണീർ കുടിക്കാൻ പോകുന്നത്: അൻസിബ

നടി ലക്ഷ്മിപ്രിയയ്ക്കെതിരായ കേസിൽ പൊലീസ് സ്വീകരിച്ച നിലപാടുകൾക്കെതിരെയും എഫ്ഐആറിലെ ‘ക്ലെറിക്കൽ മിസ്റ്റേക്ക്’ എന്ന ന്യായീകരണത്തിനെതിരെയും രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ. ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ടായിട്ടും പാലാരിവട്ടം പൊലീസ് തനിക്ക് നൽകിയ എഫ്ഐആർ പകർപ്പിൽ ജാമ്യം ലഭിക്കാവുന്ന വെറും അപകീർത്തിപ്പെടുത്തൽ വകുപ്പുകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പുകൾ ഒഴിവാക്കുകയായിരുന്നെന്നും അൻസിബ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കോടതി അലക്ഷ്യമാണെന്നും അതിനെതിരെ നാളെ കോടതിയെ സമീപിക്കുമെന്ന് താൻ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ്, തനിക്ക് തന്ന പകർപ്പിൽ ‘ടൈപ്പിങ് മിസ്റ്റേക്ക്’ പറ്റിയതാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബിഎൻഎസ് വകുപ്പുകൾ ചേർത്തിട്ടുണ്ടെന്നും കാണിച്ച് പൊലീസ് വാർത്തകൾ നൽകിയതെന്നും അൻസിബ മനോരമ ഓൺലൈനിനോട് പ്രതികരിക്കവേ പറഞ്ഞു.‘‘ഞാൻ കൊടുത്ത പരാതിയിൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ച് കേസെടുത്തു. പക്ഷേ എനിക്ക് ഇന്നലെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് തന്ന എഫ്ഐആറിൽ ഡിഫമേഷൻ മാത്രമേ അവർ ഇട്ടിട്ടുണ്ടായിരുന്നുള്ളൂ. കോടതി പറഞ്ഞത്, സ്ത്രീത്വത്തെ അപമാനിച്ച പരാതിയിൽ ക്രിമിനൽ കേസ് ഇടാനാണ്. അപ്പോൾ ഹൈക്കോടതി ഉത്തരവിനെപ്പോലും മറികടന്ന് ഡിഫമേഷൻ മാത്രമാണ് ഇട്ടിരിക്കുന്നത്. അങ്ങനെ ഡിഫമേഷൻ മാത്രമാണെന്നുണ്ടെങ്കിൽ എനിക്ക് ഹൈക്കോടതി വരെ പോകേണ്ട ആവശ്യമില്ലായിരുന്നല്ലോ, ഡിഫമേഷന് കൊടുത്താൽ മതിയായിരുന്നല്ലോ. പക്ഷേ ഇനി ഈ സമൂഹത്തിൽ ഒരു വ്യക്തിയും ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ അനാവശ്യം പറഞ്ഞു കഴിഞ്ഞാൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയുന്നത് എന്ത് ന്യായമാണ്? അതായത് ഒരു പുരുഷൻ ഒരു സ്ത്രീക്കെതിരെ പറഞ്ഞാലേ സ്ത്രീത്വത്തെ അപമാനിക്കലാവുള്ളൂ എന്നുള്ളത് അല്ലല്ലോ. സ്ത്രീ പറഞ്ഞാലും അപമാനിക്കൽ തന്നെ, അവിടെ സ്ത്രീ പുരുഷൻ എന്ന വേർതിരിവിന്റെ ആവശ്യമില്ലല്ലോ. ഞാൻ ഇത് എനിക്ക് വേണ്ടി മാത്രമല്ല ചെയ്യുന്നത്. എന്താണെന്നറിയോ ഇതിലുള്ള ഏറ്റവും വലിയൊരു കാര്യം? ഇന്ന് ലക്ഷ്മിപ്രിയയ്ക്ക് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുകയാണെന്നുണ്ടെങ്കിൽ നാളെ ഒരുപാട് സ്ത്രീകളായിരിക്കും കണ്ണീര്‍ കുടിക്കാൻ പോകുന്നത്. കാരണം ലക്ഷ്മിപ്രിയയുടെ അതേ സ്വഭാവത്തിലുള്ള മറ്റു പലരും മറ്റു സ്ത്രീകൾക്കെതിരെ അനാവശ്യം വിളിച്ചു പറഞ്ഞാൽ ചെറിയ പൈസ എന്തെങ്കിലും ഫൈൻ അടച്ച് രക്ഷപ്പെടാം എന്ന ഒരു തെറ്റായിട്ടുള്ള ഒരു മെസ്സേജ് ആണ് സ്പ്രെഡ് ആവാൻ പോകുന്നത്. എന്നെപ്പോലെ ഇനി ഒരു പെൺകുട്ടിയും അനുഭവിക്കാൻ പാടില്ല. ഞാൻ അതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്, ഇനി ഒരു സ്ത്രീയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കപ്പെടാൻ പാടില്ല. ഇതിന് മാതൃകാപരമായിട്ടുള്ള ശിക്ഷ കൊടുത്തിട്ടില്ല എങ്കിൽ നടക്കാൻ പോകുന്നത് വലിയ പ്രശ്നമാണ്. ഇവിടെയുള്ള എല്ലാ മനുഷ്യന്മാരിലും നെഗറ്റിവിറ്റിയുള്ള ആൾക്കാരുണ്ട്, അത് സ്ത്രീ ആയിക്കോട്ടെ പുരുഷൻ ആയിക്കോട്ടെ. മറ്റൊരു സ്ത്രീയെ കുറിച്ച് അനാവശ്യം പറഞ്ഞു കഴിഞ്ഞാൽ കേസ് എടുക്കില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ടായി കഴിഞ്ഞാൽ ക്രിമിനൽ മൈൻഡുള്ള സ്ത്രീകൾ മറ്റ് സ്ത്രീകളെ പറ്റി ഇതുപോലെ മോശം പറയില്ലേ?
Fashion ⏭️




