NEWS

വിപണിത്തകർച്ചയ്ക്കു തൊട്ടുമുൻപ് ഓഹരി വിറ്റ് കോടികൾ; തുർക്കിയിൽ വനിതാ നേതാവ് രാജിവച്ചു


ഇസ്തംബുൾ ∙ തുർക്കിയിലെ ഓഹരി വിപണിയിലുണ്ടായ വൻ തകർച്ചയ്ക്കു തൊട്ടുമുൻപ് ഓഹരികൾ വിറ്റഴിച്ച് കോടിക്കണക്കിനു ഡോളർ നേടിയെന്ന ആരോപണത്തെ തുടർ‍ന്ന്, ഭരണകക്ഷിയായ എകെപിയുടെ ഉപാധ്യക്ഷ ഫത്‌മ ബേതുൽ സയാൻ കായ രാജി വച്ചു. രാജി പാർട്ടി അംഗീകരിച്ചു. കായയുടെ ഓഹരിവിൽപന വിവരം പുറത്തു വന്നത് രാജ്യത്തു വൻ രാഷ്ട്രീയവിവാദത്തിനു കാരണമായിരുന്നു. അതിനെ തുടർന്നാണ് രാജി.നിക്ഷേപ ഫണ്ടുകളുമായി ബന്ധപ്പെട്ട് ഓഹരി വിലയിൽ കൃത്രിമം നടത്തിയെന്ന സംശയത്തെ തുടർന്ന് സെപ്റ്റംബർ 16ന് തുർക്കിയിലെ പ്രധാന ഓഹരി വിപണിയായ ബോർസ ഇസ്തംബുൾ വൻ ഇടിവു നേരിട്ടിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് 3,000 കോടിയോളം ഡോളർ നഷ്ടമുണ്ടായെന്നാണ് കണക്ക്. വിപണിയിൽ തകർച്ചയുണ്ടാകുന്നതിനു മുൻപ് കായ തന്റെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ചെന്നും അതിലൂടെ 1.3 ബില്യൻ തുർക്കിഷ് ലിറ (27.5 ദശലക്ഷം യുഎസ് ഡോളർ) നേടിയെന്നും തുർക്കിയിലെ പ്രധാന പ്രതിപക്ഷമായ ന്യൂ പാർട്ടി ആരോപിച്ചിരുന്നു. തുടർന്ന്, ചുമതലകളിൽനിന്ന് ഒഴിയാൻ തന്നെ അനുവദിക്കണമെന്ന് കായ ശനിയാഴ്ച എകെപി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് രാജി നൽകിയത്. 


Fashion ⏭️

Back to top button