NEWS

’25ാം വയസിൽ‍ 10 ലക്ഷം രൂപ സമ്പാദ്യം, കുടുംബത്തോട് പറഞ്ഞത് തലവേദനയാകുമെന്ന് കരുതിയില്ല’ ചർച്ചയായി യുവാവിന്റെ പോസ്റ്റ്


തന്റെ 25ാം വയസിൽ കൈവരിച്ച 10 ലക്ഷം രൂപയുടെ സമ്പാദ്യം തലവേദനയായി മാറിയെന്ന് യുവാവ്. കയ്യിലുള്ള സമ്പാദ്യത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണത്തെക്കുറിച്ച് തന്റെ കുടുംബത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം മോശമാണെന്ന് ഇതിലൂടെ വെളിപ്പെട്ടതായി യുവാവ് സമൂഹ മാധ്യമമായ ‘റെഡിറ്റിൽ’ കുറിച്ചു. സമ്പാദ്യത്തെക്കുറിച്ചും ഇത് കുടുംബത്തോടെ വെളിപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള ചൂടേറിയ ചർച്ചയ്ക്കും കുറിപ്പ് കാരണമായി. യുവാവിന്റെ വാക്കുകൾ ഇങ്ങനെ ”ഇന്ന് ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപവും സേവിങ്സും 10 ലക്ഷം രൂപ കടന്നതായി മനസിലായത്. അപ്രതീക്ഷിതമായെത്തുന്ന ഓരോ സാമ്പത്തിക ചെലവുകളും വലിയ ആഘാതമാകുന്ന ഇടത്തരം കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. 25ാം വയസിൽ ഇങ്ങനെയൊരു സമ്പാദ്യം സൃഷ്ടിക്കാൻ കഴിഞ്ഞത് എനിക്ക് വലിയൊരു ആശ്വാസമാകേണ്ടതായിരുന്നു. എന്നാൽ ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ ലഭിച്ച ആദ്യ പ്രതികരണം ഈ പണം ചെലവഴിക്കാമെന്നായിരുന്നു. ഒരു ഫ്ളാറ്റ് വാങ്ങാൻ ഡൗൺ പേയ്മെന്റിനായി മുഴുവൻ പണവും ഉപയോഗിക്കാമെന്നായിരുന്നു പിതാവിന്റെ നിർദേശം. ഒരു ബന്ധുവിന്റെ കോളേജ് വിദ്യാഭ്യാസത്തിനായി കുറച്ചു പണം വായ്പ കൊടുക്കണമെന്നായിരുന്നു അമ്മയുടെ പക്ഷം. ഇതൊരു ഞെട്ടിക്കുന്ന തിരിച്ചറിവായിരുന്നു. എങ്ങനെയാണ് വിവിധ തലമുറയിൽ പെട്ടവർ സമ്പാദ്യത്തെയും സ്വകാര്യതയെയും പരിഗണിക്കുന്നതെന്നും ഇതിലൂടെ മനസിലായി. വലിയ സാമ്പത്തിക നേട്ടമുണ്ടായാൽ അക്കാര്യം കുടുംബത്തോടു പറയുന്നതാണോ ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണോ നല്ലത്”- യുവാവ് ചോദിക്കുന്നു. ഇതിനു താഴെ പലതരം കമന്റുകളും വരുന്നുണ്ട്. ഇടത്തരം കുടുംബമാണെങ്കിലും കിട്ടുന്ന പണമെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതിലൂടെ മനസിലാക്കാമെന്നാണ് ഒരെണ്ണം. കുടുംബത്തിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇതിലൂടെ തെളിവായത്. സാമ്പത്തിക നേട്ടമുണ്ടായാൽ അക്കാര്യത്തെക്കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ കൈവശം എത്ര സമ്പാദ്യമുണ്ടെന്ന് മറ്റുള്ളവർ‍ കൃത്യമായി അറിയാതെ ഇരിക്കുന്നതാണ് നല്ലതെന്നും ഒരാൾ പറയുന്നു. പ്രത്യേകിച്ചു നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് ബന്ധുക്കൾ അറിയാതിരിക്കുന്നതാണ് ഉചിതമെന്ന് മറ്റൊരാളുടെ പക്ഷം.


Fashion ⏭️

Back to top button